ഫ്യൂചർ മ്യൂസിയത്തിൽ ഒരുക്കിയ ലബോറട്ടറിയുടെ കവാടം
ദുബൈ: ജീവനെയും ജൈവവൈവിധ്യത്തെയും കുറിച്ച ആഴത്തിലുള്ള വിജ്ഞാനീയങ്ങളിലേക്ക് വെളിച്ചം വീശുന്ന നവീനമായ ലബോറട്ടറി ദുബൈയിൽ സജ്ജമാക്കി. നഗരത്തിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫ്യൂചർ മ്യൂസിയത്തിലാണ് ലാബ് ഒരുക്കിയിട്ടുള്ളത്. ലോക സർക്കാർ ഉച്ചകോടിയോടനുബന്ധിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വളരെ നൂതനമായ ശാസ്ത്രീയാനുഭവങ്ങളാണ് ലബോറട്ടറിയിൽ സജ്ജമാക്കിയിട്ടുള്ളതെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. യു.എസ് ആസ്ഥാനമായ കൊളോസൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ലാബ് നിർമിച്ചിട്ടുള്ളത്.
എല്ലാവർക്കും പ്രവേശനമുള്ളതാണ് ലാബ്. ഭൗതിക ലോകത്തെക്കുറിച്ച അറിവ് വികസിപ്പിക്കുന്ന അത്യാധുനിക വിജ്ഞാനീയങ്ങളെ അവതരിപ്പിക്കാനും, വംശനാശഭീഷണിയിലായ ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ആഗോള ശ്രമങ്ങളെ പിന്തുണക്കാനുമാണ് ലബോറട്ടറിയുടെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. അറിവും ബോധവത്കരണവും വർധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അതിലൂടെ കൂടുതൽ വെളിച്ചമുള്ള ഒരു ഭാവിയിലേക്കുള്ള വഴി തുറക്കാനാണ് ആഗ്രഹിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. ജൈവവൈവിധ്യത്തെ മുൻനിർത്തിയുള്ള പ്രദർശനങ്ങളെ അവതരിപ്പിക്കുന്നതാണ് ലാബെന്ന് ശൈഖ് ഹംദാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. താസ്മാനിയൻ കടുവയുടെ അസ്ഥികൂടവും ശരീരഘടനാ സവിശേഷതകളും, വൂളി മാമത്തിന്റെ അസ്ഥികൾ, കൂടാതെ വംശനാശം സംഭവിച്ച വന്യജീവികളെ പഠിക്കുകയും പുനരുജ്ജീവിപ്പിക്കാനും ഉള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന മറ്റു സംരക്ഷിത ജീവിവർഗങ്ങൾ എന്നിവയും പ്രദർശനങ്ങളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.