ദുബൈ: ഇറാനിലെ ആണവ നിലയങ്ങളിൽ യു.എസ് നടത്തിയ ആക്രമണത്തിൽ കടുത്ത ആശങ്ക പങ്കുവെച്ച് ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ആക്രമണം വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ആണവ വികിരണ തോത് നിരീക്ഷിച്ചുവരുന്നുണ്ടെന്നും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വിവിധ രാജ്യങ്ങളിലെ ഏജൻസികൾ അറിയിച്ചു. മേഖലയിൽ അസാധാരണമായ റേഡിയേഷൻ അളവില്ലെന്ന് ജി.സി.സി ജനറൽ സെക്രട്ടേറിയറ്റും പ്രസ്താവനയിറക്കിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം പരിഗണിച്ച് ബഹ്റൈനിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറ്റുകയും അത്യാവശ്യത്തിനല്ലാതെ പ്രധാന റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
മേഖലയിലെ സംഭവവികാസങ്ങൾ വളരെയധികം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംയമനം പാലിക്കാനും സംഘർഷം ലഘൂകരിക്കാനും ആക്രമണം ഒഴിവാക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ അന്താരാഷ്ട്ര സമൂഹം ശ്രമങ്ങൾ ഇരട്ടിയാക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനും മേഖല കൂടുതൽ അസ്ഥിരതയിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും സംഘർഷം അവസാനിപ്പിക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിൽ പറഞ്ഞു. യു.എസ് വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച ഒമാൻ, നടപടി സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുമെന്നും ഇത് അന്താരാഷ്ട്ര സ്ഥിരതക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. നേരത്തെ ഇറാൻ-യു.എസ് ആണവ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച രാജ്യം കൂടിയാണ് ഒമാൻ.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തെത്തിൽ ആശങ്കയറിയിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, എല്ലാ സൈനിക നടപടികളും നിർത്തിവെച്ച് പ്രശ്നം പരിഹരിക്കുന്നതിന് എല്ലാവരും തയാറാകണമെന്ന് ആവശ്യപ്പെട്ടു. എല്ലാസംഘർഷങ്ങളും സൈനിക നടപടികളും ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കുവൈത്ത്, ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിന് ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിനോടും ആഹ്വാനം ചെയ്തിട്ടുമുണ്ട്.
സംഘർഷം രൂക്ഷമാകുന്നത് ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെയും സാമ്പത്തിക പ്രവർത്തനത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കെ പ്രശ്ന പരിഹാരത്തിന് വിവിധ രാഷ്ട്ട്ര നേതാക്കൾ നയതന്ത്ര ഇടപെടലുകളും ശക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം സംഘർഷ മേഖലകളിൽ കഴിയുന്ന പൗരൻമാരെയും താമസക്കാരെയും ഒഴിപ്പിക്കുന്ന നടപടികളും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.