ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീയിങ് പുരസ്കാരം സ്റ്റാവഞ്ചർ സർവകലാശാലക്ക് സമ്മാനിക്കുന്നു
അബൂദബി: 10 ലക്ഷം ഡോളർ ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീയിങ് അവാർഡ് നോർവേയിൽനിന്നുള്ള സ്റ്റാവഞ്ചർ സർവകലാശാലക്ക്. ആഗോള ഊർജമേഖലയിലെ തൊഴിലാളികളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സർവകലാശാലയുടെ നൂതന ആശയങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. ബുർജീൽ ഹോൾഡിങ്സും റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങും പ്രൊമിത്യൂസ് മെഡിക്കൽ ഇന്റർനാഷനലിന്റെ പിന്തുണയോടെ നൽകുന്ന അവാർഡ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലുള്ള അഡിപെക് 2025ൽ സമ്മാനിച്ചു.
ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ആർ.പി.എം ചെയർമാൻ ഒമ്രാൻ അൽ ഖൂരി എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന കമ്പനികൾക്കുള്ള ലോകത്തിലെതന്നെ ആദ്യത്തെ അവാർഡാണിത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡും യു.എ.ഇ ആസ്ഥാനമായുള്ള എൻ.എം.ഡി.സി ഗ്രൂപ്പും ജോലിസ്ഥലങ്ങളിലെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള അവരുടെ പ്രവർത്തങ്ങൾക്ക് ‘ഹൈലി കമൻഡഡ്’ വിഭാഗത്തിൽ പുരസ്കാരങ്ങൾ നേടി. റെസ്പോൺസ് പ്ലസ് ഹോൾഡിങ് സി.ഇ.ഒ ഡോ. റോഹിൽ രാഘവൻ, ബുർജീൽ ഹോൾഡിങ്സ് സി.ഇ.ഒ ജോൺ സുനിൽ, പ്രോമിത്യൂസ് മെഡിക്കൽ ഇന്റർനാഷനൽ സി.ഇ.ഒ സ്റ്റീവൻ വൈൻസ്, ആഗോള ഊർജ മേഖലയിലെ മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.