ദേശീയ സകാത് പ്ലാറ്റ്ഫോം പ്രഖ്യാപന ചടങ്ങ്
ദുബൈ: യു.എ.ഇയിൽ സകാത് ശേഖരണവും വിതരണവും നിയന്ത്രിക്കുന്നതിനായി ‘ദേശീയ സകാത് പ്ലാറ്റ്ഫോം’ ആരംഭിച്ചു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും മതനേതാക്കളും ചാരിറ്റി സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അംഗീകരിച്ച ഫെഡറൽ നിയമപ്രകാരമാണ് സംവിധാനം നിലവിൽവന്നിരിക്കുന്നത്. ഏകീകൃത ദേശീയ ഗേറ്റ്വേയായി രൂപകൽപന ചെയ്ത പ്ലാറ്റ്ഫോം വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷിതവുമായ സംവിധാനത്തിലൂടെ സകാത് നൽകാൻ സാധിക്കും. ശേഖരിക്കുന്ന ഫണ്ടുകൾ ശരിയായ ഗുണഭോക്താക്കളിലേക്കാണ് എത്തുന്നതെന്ന് ഉറപ്പാക്കാൻ കൃത്യമായ സംവിധാനങ്ങളുണ്ടാകും. കൃത്യമായ വിവരങ്ങൾ, ശരിയായി പരിശോധിച്ച കണക്കുകൾ, സാമൂഹിക സ്വാധീനം അളക്കുന്ന സംവിധാനങ്ങൾ എന്നിവ പ്ലാറ്റ്ഫോമിന്റെ ഭാഗമായിരിക്കും.
സകാത് കൈകാര്യം ചെയ്യുന്നതിൽ വിശ്വാസ്യത ഉറപ്പാക്കുന്ന സമഗ്രമായ ദേശീയ സംവിധാനമാണിതെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻറ്സ് ആൻഡ് സകാത് ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരിഇ പറഞ്ഞു. രാജ്യത്തിനകത്തെ അർഹരായവർക്കാണ് മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലാറ്റ്ഫോം ചാരിറ്റി സ്ഥാപനങ്ങളെ മാറ്റിസ്ഥാപിക്കുന്നതല്ല; മറിച്ച്, അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തിപ്പെടുത്തുന്നതാണെന്ന് അതോറിറ്റിയുടെ ജനറൽ ഡയറക്ടർ അഹ്മദ് അൽ നിയാദി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ദീർഘകാല രോഗചികിത്സ, കടബാധ്യതാശ്വാസം, വരുമാനമുണ്ടാക്കുന്ന പദ്ധതികൾ തുടങ്ങിയ മേഖലകളിലേക്കാണ് സകാത് ഫണ്ടുകൾ വിനിയോഗിക്കപ്പെടുകയെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.