അബൂദബി: യു.എ.ഇ സെൻട്രൽ ബാങ്കിന്റെ സ്വർണശേഖരം 2025ൽ വലിയ വർധന രേഖപ്പെടുത്തി. ബാങ്ക് പുറത്തിറക്കിയ മാസാന്ത്യ കണക്ക് റിപ്പോർട്ട് പ്രകാരം, 2025 ഡിസംബർ അവസാനം സ്വർണശേഖരം 37.902 ശതകോടി ദിർഹമിലെത്തി. 2024 ഡിസംബർ അവസാനം ഇത് 22.981ശതകോടി ദിർഹമായിരുന്നു. ഇതോടെ വർഷാന്തര അടിസ്ഥാനത്തിൽ 64.93 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 നവംബർ അവസാനം 37.291 ശതകോടി ദിർഹം ആയിരുന്ന സ്വർണ ശേഖരം ഡിസംബറിൽ 1.64 ശതമാനം ഉയർന്നാണ് 37.902 ശതകോടി ദിർഹമായത്.
അതേസമയം, ബാങ്കിലെ നിക്ഷേപങ്ങളിലും ശ്രദ്ധേയമായ വർധന ഉണ്ടായിട്ടുണ്ട്. 2025 ഡിസംബർ അവസാനം ഡിമാൻഡ് ഡെപ്പോസിറ്റുകൾ 1.264 ലക്ഷംകോടി ദിർഹം കവിഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024 ഡിസംബർ അവസാനം ഇത് ഏകദേശം 1.109 ലക്ഷം ദിർഹമായിരുന്നു. സേവിങ്സ് നിക്ഷേപങ്ങൾ 2025 ഡിസംബർ അവസാനം 400.51 ശതകോടി ദിർഹമായി ഉയർന്നു. മുൻവർഷം ഇതേ സമയത്ത് ഇത് 317.488 ശതകോടി ദിർഹം ആയിരുന്നു. ടൈം ഡെപ്പോസിറ്റുകൾ 2025 ഡിസംബർ അവസാനം 1.165 ലക്ഷംകോടി ദിർഹം കടന്നു. 2024 ഡിസംബർ അവസാനം ഇത് 945.78 ശതകോടി ദിർഹമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും ബാങ്കിങ് മേഖലയിലെ വളർച്ചയും പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകളെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.