എസ്.എൻ.ഡി.പി യോഗത്തിന്റെ യു.എ.ഇയിലെ എട്ട് യൂനിയനുകളുടെ സംയുക്ത പ്രവർത്തക
സമ്മേളനത്തിൽ ഭാരവാഹികളെ യു.എ.ഇ കോഓഡിനേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ആദരിച്ചപ്പോൾ
ദുബൈ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യു.എ.ഇയിലെ എട്ട് എസ്.എൻ.ഡി.പി യോഗം യൂനിയനുകൾ. അജ്മാൻ ദുബൈ മെഡിക്കൽ ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത പ്രവർത്തക സംഗമത്തിലാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
യോഗത്തിൽ എസ്.എൻ.ഡി.പി യോഗം യു.എ.ഇ കോഓഡിനേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ചില രാഷ്ട്രീയപ്രേരിത ശക്തികൾ അസംബന്ധ ആരോപണങ്ങൾ ഉയർത്തുന്നതായി അഡ്വ. സിനിൽ മുണ്ടപ്പള്ളി ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളിയുടെ പ്രസംഗത്തിൽ നിന്നുള്ള ചില വാക്കുകൾ ഉദ്ദേശ്യപൂർവം വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 വർഷമായി യോഗത്തിന്റെ സാരഥ്യം വഹിക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാനും യോഗം തീരുമാനിച്ചു. 93ാമത് ശിവഗിരി തീർഥാടനം യു.എ.ഇയിൽ സംഘടിപ്പിക്കും.
പരിപാടികളുടെ പ്രചാരണങ്ങളുടെ ഭാഗമായി വിളംബര ഘോഷയാത്ര, സംയുക്ത പ്രവർത്തക യോഗങ്ങൾ പോഷകസംഘടന പ്രവർത്തക യോഗങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആധ്യാത്മിക സമ്മേളനങ്ങൾ തുടങ്ങി ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
300 പേരടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു. യു.എ.ഇയിലെ എട്ട് യൂനിയനുകളുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിന്റെ പൂർണകായ വെങ്കല പ്രതിമ നിർമിക്കാനും തീരുമാനിച്ചു. സ്വാഗത സംഘം ചെയർമാനായി ബി. ജയപ്രകാശിനേയും വൈസ് ചെയർമാനായി സാജൻ സത്യയേയും സെക്രട്ടറിയായി ശ്രീധരൻ പ്രസാദിനേയും ട്രഷററായി ജെ.ആർ.സി ബാബുവിനേയും ജനറൽ കൺവീനറായി സിജു മംഗലശ്ശേരിയേയും യോഗം ജനറൽ സെക്രട്ടറി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.