ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച അപ്രതീക്ഷിത മിന്നലും ശക്തമായ മഴയും ലഭിച്ചു. ദുബൈയിൽ മിക്ക ഭാഗങ്ങളിലും രാവിലെ മുതൽ മൂടിക്കെട്ടിയ സാഹചര്യമാണുണ്ടായിരുന്നത്. ഉച്ചയോടെ ദേര, ഹത്ത, ബർദുബൈ തുടങ്ങി പലയിടങ്ങളിലും മിന്നലോടൊപ്പം ചിതറിയ മഴയും ലഭിച്ചു. ലഹ്ബാബ്, മർഗാം എന്നീ സ്ഥലങ്ങളിൽ ആലിപ്പഴ വർഷമുണ്ടാവുകയും ചെയ്തു. ഷാർജയടക്കം വടക്കൻ എമിറേറ്റുകളിലും അബൂദബിയിലെ ചില ഭാഗങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്. ഷാർജയിൽ ഊദ് അൽ മുതീന, കോർണിഷ്, മലീഹ, അൽ ഖാൻ എന്നീ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. അബൂദബി സിറ്റിയുടെ ചില ഭാഗങ്ങളിലും അൽഐനിലും മഴ ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്താകമാനം താപനില 12 ഡിഗ്രി സെൽഷ്യസ് വരെ കുറയാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പ്രക്ഷുബ്ധമായ സാഹചര്യമുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കി.മീറ്റർ വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അൽഐനിലെ റക്നയിൽ രേഖപ്പെടുത്തിയ 11.2 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
മഴയെത്തുടർന്ന് ദുബൈ, അബൂദബി എമിറേറ്റുകളിൽ പൊലീസ് അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോണുകളിലേക്കാണ് ജാഗ്രത നിർദേശം വന്നത്. കടൽത്തീരങ്ങളിൽനിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുക, ശ്രദ്ധയോടെ വാഹനമോടിക്കുക, അധികാരികളുടെ ഉപദേശം ശ്രദ്ധിക്കുക, സുരക്ഷിതനായിരിക്കുക എന്നിങ്ങനെയാണ് നിർദേശം നൽകിയിട്ടുള്ളത്. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ച മാറുന്ന വേഗത പരിധി ശ്രദ്ധിക്കണമെന്ന് അബൂദബി പൊലീസ് വൃത്തങ്ങളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.