ഇത്തിഹാദ് സാറ്റ് രൂപരേഖ
ദുബൈ: യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം ഇത്തിഹാദ് സാറ്റ് അടുത്തമാസം വിക്ഷേപിക്കും. സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ എസ്.എ.ആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണിത്. എല്ലാ കാലാവസ്ഥയിലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹമെന്ന് ഇത്തിഹാദ് സാറ്റിന്റെ പ്രഖ്യാപനം നടത്തിയ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ദക്ഷിണ കൊറിയയുടെ സാറ്റ്റെകും സംയുക്തമായാണ് പുതിയ ഉപഗ്രഹം വികസിപ്പിച്ചത്. യു.എ.ഇ വിവിധ ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നുണ്ട്. ഈ മാസം തുടക്കത്തിൽ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ഇമാറാത്തി ബഹിരാകാശ യാത്രികനെ അയക്കുന്നതിന് വഴിതുറക്കുന്ന തന്ത്രപരമായ സഹകരണ കരാറിൽ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും യൂറോപ്യൻ എയ്റോസ്പേസ് കമ്പനിയായ തേൽസ് അലീനിയ സ്പേസും ഒപ്പുവെച്ചിരുന്നു.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ലൂണാർ ഗേറ്റ്വേ സ്റ്റേഷന് ആവശ്യമായ എയർലോക്ക് നിർമിക്കുന്നതിനാണ് കരാറിലെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായ രീതിയിൽ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ ലൂണാർ ഗേറ്റ്വേ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നാസയുടെ പദ്ധതിയിൽ ഭാഗമാകുമെന്ന് കഴിഞ്ഞ വർഷം അധികൃതർ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.