അബൂദബി: ഗസ്സയിലെ വെടിനിർത്തൽ കരാറിനെയും ബന്ദികളെ കൈമാറാനുള്ള തീരുമാനത്തേയും സ്വാഗതം ചെയ്യുന്നതായി യു.എ.ഇ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ. ഗസ്സയിലേക്ക് മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കാൻ കരാർ സഹായിക്കുമെന്ന് വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
കരാർ സാധ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളെയും പിന്തുണ നൽകിയ മറ്റു സൗഹൃദരാജ്യങ്ങളെയും അഭിനന്ദിക്കുകയാണെന്നും ഗസ്സ മുനമ്പിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് കരാർ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇരു വിഭാഗങ്ങളും കരാർ പാലിക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ 15 മാസമായി ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന് അടിയന്തരവും സുസ്ഥിരവുമായ മാനുഷിക സഹായങ്ങൾ ലഭ്യമാക്കുന്നതിൽ യു.എ.ഇയുടെ നിലപാട് അചഞ്ചലമാണ്.
പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾക്കും ദ്വിരാഷ്ട്ര പരിഹാരത്തെ തുരങ്കം വെക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. അതോടൊപ്പം ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിനും സമാധാനം, നീതി എന്നിവ പുലരുന്നതിനും യു.എ.ഇ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.