ദുബൈ: ലോകത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ മുന്നേറ്റമുണ്ടാക്കി യു.എ.ഇയിലെ സർവകലാശാലകൾ. തിങ്കളാഴ്ച രാവിലെ പുറത്തിറങ്ങിയ 2025ലെ സെന്റർ ഫോർ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ (സി.ഡബ്ല്യു.യു.ആർ) ആകെ 21,462 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അബൂദബിയിലെ ഖലീഫ യൂനിവേഴ്സിറ്റി 30 സ്ഥാനങ്ങൾ മുന്നേറി 846ാം സ്ഥാനത്തെത്തി.
വിദ്യാഭ്യാസ നിലവാരം, തൊഴിൽ സാധ്യത, ഫാക്കൽറ്റിയുടെ ഗുണനിലവാരം, ഗവേഷണം എന്നിവ അടിസ്ഥാനമാക്കിയുള്ള വാർഷിക പട്ടികയിൽ ഖലീഫ യൂനിവേഴ്സിറ്റി ലോകമെമ്പാടുമുള്ള മികച്ച നാലു ശതമാനം സർവകലാശാലകളിൽ ഇടം നേടിയിട്ടുണ്ട്. അതോടൊപ്പം മിഡിലീസ്റ്റിലെ മികച്ച സർവകാലാശാലകളിൽ പത്താം സ്ഥാനവും നേടിയിട്ടുണ്ട്. ഏപ്രിലിൽ പുറത്തുവിട്ട ടൈംസ് ഹയർ എജുക്കേഷൻ ഏഷ്യ യൂനിവേഴ്സിറ്റി റാങ്കിങ് 2025ൽ ഖലീഫ യൂനിവേഴ്സിറ്റി ഏഷ്യയിൽ 37ാം സ്ഥാനത്തെത്തിയിരുന്നു.
യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റി 91 സ്ഥാനങ്ങൾ ഉയർന്ന് 1022ാം സ്ഥാനത്തും, ഷാർജ യൂനിവേഴ്സിറ്റി 161 സ്ഥാനങ്ങൾ ഉയർന്ന് 1092ാം സ്ഥാനത്തും, ന്യൂയോർക് യൂനിവേഴ്സിറ്റി അബൂദബി 1116ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. യു.എ.ഇയിലെ സർവകലാശാലകളുടെ ശക്തമായ ഗവേഷണ പ്രവർത്തനങ്ങളാണ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് പ്രധാന കാരണമെന്ന് സി.ഡബ്ല്യു.യു.ആർ വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇ സർവകലാശാലകൾ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെ സി.ഡബ്ല്യു.യു.ആർ പ്രസിഡന്റ് നാദിം മഹസ്സൻ പ്രശംസിച്ചു. റാങ്കിങ്ങിൽ യു.എ.ഇ ലോകത്തിലെ മികച്ച സർവകലാശാലകളിൽ മികച്ച പ്രാതിനിധ്യം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് സൗദിയിലെ കിങ് അബ്ദുല്ല ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ്. ഇതു കഴിഞ്ഞ വർഷത്തെ 249ാം സ്ഥാനത്തുനിന്ന് 237ാം സ്ഥാനത്തേക്ക് ഉയർന്നു. സൗദിയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി 254ാം സ്ഥാനത്തുനിന്ന് 249ാം സ്ഥാനത്തേക്കും ഉയർന്നു.
യു.എ.ഇ സർക്കാർ സമീപ വർഷങ്ങളിൽ ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2024 ജൂണിൽ യു.എ.ഇ പ്രാദേശിക സർവകലാശാലകളിൽ സ്ഥിരമായി വിലയിരുത്തലുകൾക്ക് വിധേയമാക്കുന്നതിനും പ്രകടനത്തെ അടിസ്ഥാനമാക്കി ക്ലസ്റ്റർ ചെയ്യുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.