ദുബൈ: പ്രതിസന്ധിയുടെ ഘട്ടത്തിൽ ഒരാളെയും ഒറ്റപ്പെടുത്തില്ലെന്ന് ഉറപ്പാക്കാൻ ഗൾഫ് മാധ്യമം-മീഡിയവൺ ദൗത്യമായ മിഷൻ വിങ്സ് ഒാഫ് കംപാഷനുമായി കൈകോർത്ത് കൂടുതൽ വ്യവസായ പ്രമുഖർ. ആർ.പി ഗ്രൂപ് ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ. രവി പിള്ള 150 പേരെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റുകൾ നൽകും. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി, കൗൺസിൽ വൈസ് പ്രസിഡൻറും ഒാേട്ടാമൊബൈൽ രംഗത്തെ അതികായനുമായ ഷാർജ ധന്യ ഗ്രൂപ് എം.ഡി ജോൺ മത്തായി എന്നിവർ നിരവധി പേരെ നാട്ടിലെത്തിക്കാൻ പിന്തുണ നൽകുമെന്ന് വ്യക്തമാക്കി.
ദുരിതബാധിതർക്ക് തുണയാകാനുള്ള സംരംഭത്തിന് പൂർണ പിന്തുണ അറിയിച്ച വേൾഡ് മലയാളി കൗൺസിൽ ലോകമൊട്ടുക്കുമുള്ള മലയാളികൾ എല്ലാ വ്യത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങേണ്ട സന്ദർഭമാണിതെന്നും ഒാർമിപ്പിച്ചു. ലോകമൊട്ടുക്കും വ്യാപിച്ചുകിടക്കുന്ന, യു.എ.ഇയിൽനിന്നുള്ള ആഗോള ബ്രാൻഡായ ഹോട്ട്പാക്ക് പാക്കേജിങ് ഒരു സംഘം പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാമെന്ന് വാഗ്ദാനം ചെയ്തു. കോവിഡ് അടിയന്തരാവസ്ഥയെത്തുടർന്ന് ഡിമാൻഡ് ഏറിയപ്പോഴും മാസ്ക്, ഗ്ലൗസ് തുടങ്ങിയ അവശ്യ വസ്തുക്കൾ ന്യായമായ വിലയിൽ ലഭ്യമാക്കി മാതൃകപരമായ സേവനമാണ് ഹോട്ട്പാക്ക് തുടർന്നുവരുന്നത്.
യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ സഫാരി ഗ്രൂപ്പിെൻറ സാരഥി അബൂബക്കർ മടപ്പാട്ട് മിഷൻ വിങ്സ് ഒാഫ് കംപാഷനുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചു. കോവിഡ് ദുരിതം തുടങ്ങിയ ഘട്ടം ഒട്ടനവധി റിലീഫ് പ്രവർത്തനങ്ങൾക്ക് കൈയയച്ച് പിന്തുണ നൽകിവരുന്നുണ്ട് സഫാരി ഗ്രൂപ്. നിരവധി വ്യക്തികളും ഒന്നും രണ്ടും ടിക്കറ്റുകളുടെ ചെലവ് വഹിക്കാൻ സന്നദ്ധത അറിയിക്കുന്നുണ്ട്. ദിനേന നൂറുകണക്കിനാളുകളാണ് ടിക്കറ്റിനുള്ള സാധ്യത തേടി ബന്ധപ്പെടുന്നത്. പദ്ധതിയുമായി സഹകരിച്ച് ടിക്കറ്റുകൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 00971 56 554 1944 നമ്പറിൽ ബന്ധപ്പെടാം. ടിക്കറ്റിനുള്ള അപേക്ഷകൾ അടുത്ത ദിവസം മുതൽ വെബ്സൈറ്റ് മുഖേന സ്വീകരിച്ചു തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.