അബൂദബി: വേനല്‍ക്കാലം അടുത്തതോടെ അന്തരീക്ഷ താപനില ഉയരുമെന്നതിനാല്‍ കരയിലും കടല്തീരത്തുമായി ജെല്ലി ഫിഷ് അടിഞ്ഞേക്കാമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ജെല്ലി ഫിഷുമായി സമ്പര്‍ക്കം പാടില്ലെന്നും ഇവയുമായി സുരക്ഷിത അകലം പാലിക്കണമെന്നും ബീച്ചുകളില്‍ പോകുന്നവര്‍ക്ക് അബൂദബി പരിസ്ഥിതി ഏജന്‍സി മുന്നറിയിപ്പ് നല്കി. വേനല്‍ കടുക്കുന്നതോടെയാണ് യു.എ.ഇ കടല്‍ത്തീരങ്ങളില്‍ ജെല്ലി ഫിഷുകളെ കാണാന്‍ കഴിയുന്നത്. ഏഴുതരം ജെല്ലി ഫിഷുകളാണ് അബൂദബിയിലുള്ളത്.
ഇവയില്‍ മൂണ്‍ ജെല്ലി ഫിഷ്, ബ്ലൂ ബ്ലബര്‍ ജെല്ലി ഫിഷ് എന്നിവയാണ് കൂടുതലായി കണ്ടുവരുന്നതെന്നും പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. ജെല്ലി ഫിഷുമായി സമ്പര്‍ക്കമുണ്ടായശേഷം കടുത്ത വേദന അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ശത്രുക്കളില്‍ നിന്നു രക്ഷതേടുന്നതിനായാണ് ജെല്ലി ഫിഷുകള്‍ ശരീരത്തില്‍ നിന്നും വിഷം പുറപ്പെടുവിക്കുന്നത്.
ജെല്ലി ഫിഷ് കടിക്കുന്നത് സാധാരണഗതിയിൽ അപകടകരമല്ലെങ്കിലും ചിലപ്പോള്‍ ഇത് അത്യന്തം അപകടം പിടിച്ചതായേക്കാമെന്ന് പരിസ്ഥിതി ഏജന്‍സി പറയുന്നു. ചൂട് കുറയുന്നതോടെ ജെല്ലി ഫിഷുകള്‍ തീരത്തുനിന്ന് അപ്രത്യക്ഷമാവും. അലര്ജിയുള്ളയാളുകള്ക്കാണ് ജെല്ലി ഫിഷിന്റെ കടി കൂടുതല്‍ അപകടമുണ്ടാക്കുന്നത്. ശ്വാസതടസ്സം, നെഞ്ചുവേദന, പേശിവേദന, ഛർദി, വയറുവേദന, അമിതമായി വിയര്‍ക്കല്‍, വിഴുങ്ങുന്നതിന് തടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് ജെല്ലി ഫിഷുകളുടെ കടി കിട്ടിയവര്‍ പ്രകടിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.