ഷാര്‍ജ: റമദാനിലെ ഇഫ്താര്‍ വിരുന്നുകള്‍ക്ക് മധുരവും പോഷകവും പകരാന്‍ പലനാടുകളില്‍ നിന്ന് യു.എ.ഇയിലേക്ക് പഴവര്‍ഗങ്ങള്‍ ഒഴുകുന്നു. റമദാനില്‍ മാത്രം പ്രത്യേകമായി എത്തുന്ന നിരവധി ഇനങ്ങളുണ്ട് ഇതില്‍. പഴങ്ങളിലെ മഹാരാജാവായ അല്‍ഫോന്‍സ മാമ്പഴം യഥേഷ്ടമുണ്ട് ഇപ്പോള്‍ തന്നെ വിപണിയില്‍. കിലോക്ക് 10 ദിര്‍ഹത്തിന് താഴെയാണ് വില.
ബദമി, മാല്‍ഗോവ, ഖുദാദാദ്, നീലം തുടങ്ങിയ നിരവധി മാമ്പഴങ്ങളാണ് ഇന്ത്യയില്‍ നിന്ന് റമദാന്‍ കണക്കിലെടുത്ത് മാത്രം എത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് ചക്കയും എത്തിയിട്ടുണ്ട്. യു.എ.ഇ തോട്ടങ്ങളില്‍ നിന്നും വിവിധ പഴങ്ങള്‍ എത്തുന്നുണ്ട്. ബംഗ്ളാദേശില്‍ നിന്ന് ലിച്ചിയാണ് പ്രധാനമായി വരുന്നത്. പാകിസ്താനില്‍ നിന്ന് ഓറഞ്ചും ഇറാനില്‍ നിന്ന് ആപ്പിളും എത്തുന്നുണ്ട്. ഒമാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും എത്തിയ മഞ്ഞ, പച്ച തണ്ണിമത്തന്‍ വിപണികളില്‍ നിറഞ്ഞ് കഴിഞ്ഞു. പച്ചനിറമുള്ളതിന് കിലോക്ക് രണ്ട് ദിര്‍ഹവും മഞ്ഞക്ക് നാല് ദിര്‍ഹവുമാണ് വില. എന്നാല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സ്ഥാപനങ്ങളില്‍ നിന്ന് ഇതിലും വിലകുറച്ച് ലഭിക്കും.
വിയറ്റ്നാമില്‍ നിന്ന് എത്തിയ പേരക്കക്ക് വലുപ്പം കൂടുതലാണ്. വാഴപ്പഴങ്ങള്‍ക്ക് വിലകുടുതലാണ്. നേന്ത്ര പഴത്തിന് ഒന്‍പത് മുതല്‍ 10 ദിര്‍ഹം വരെയാണ് കിലോക്ക്. ഫിലിപ്പിന്‍സില്‍ നിന്ന് എത്തുന്ന പഴങ്ങള്‍ക്ക് ആറ് ദിര്‍ഹമുതലാണ് വില. ഇതേ ഇനത്തില്‍പ്പെട്ടത് വിയറ്റ്നാമില്‍ നിന്നും എത്തുന്നുണ്ട്.
ദാഹശമനികളുടെ ഉത്സവമാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍. പാലിനും പാലുത്പന്നങ്ങള്‍ക്കും ആദായ വിലയാണിപ്പോള്‍. നാല് ലിറ്റര്‍ 16 ദിര്‍ഹത്തിന് വിറ്റിരുന്ന പാലുകള്‍ 10 ദിര്‍ഹത്തിന് താഴെ എത്തിയിട്ടുണ്ട്. എന്നാല്‍ ചില കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് വില പഴയത് തന്നെ. അരി, പച്ചക്കറി, മാംസം, മുട്ട എന്നിവക്കും റമദാന്‍ ആനുകൂല്യമുണ്ട്. 30 മുട്ട 10 ദിര്‍ഹമിന് ലഭിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഈത്തപ്പഴം, കാരക്ക എന്നിവയും അവയുടെ സത്തുകളും വിപണികളിൽ നിറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.