ഡോ. സി.ജെ റോയ്, പൊയിൽ അബ്ദുല്ല
ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഈദുൽ ഇത്തിഹാദ് ഫെസ്റ്റ് - 2025നോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രഥമ ‘യു.എ.ഇ നാഷനൽ ഡേ എക്സലൻസ് അവാർഡ്’ അൽ മദീന ഗ്രൂപ് ചെയർമാൻ പൊയിൽ അബ്ദുല്ല, കോൺഫിഡണ്ട് ഗ്രൂപ് ചെയർമാൻ ഡോ. സി.ജെ. റോയ് എന്നിവർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസലോകത്തും നാട്ടിലും ബിസിനസ് രംഗത്തുണ്ടാക്കിയ വളർച്ചയും സാമൂഹികസേവന, ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായി നടത്തിവരുന്ന ഇടപെടലും മുൻനിർത്തിയാണ് അവാർഡ് സമ്മാനിക്കുന്നത്. ഡിസംബർ രണ്ടിന് ചൊവ്വാഴ്ച ദുബൈ മംസാറിലെ ശബാബ് അൽ അഹ്ലി ക്ലബ് ഓപൺ സ്റ്റേഡിയത്തിലാണ് ഈദുൽ ഇത്തിഹാദ് ഫെസ്റ്റ് 2025 എന്ന പേരിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.എ. യൂസുഫലി എന്നിവർ മുഖ്യാതിഥികളാവും.
അറബ് പ്രമുഖരും നയതന്ത്ര പ്രതിനിധികളും സാമൂഹിക, സാംസ്കാരിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളും വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഡിസംബർ രണ്ടിന് ഉച്ചക്ക് ഒന്നു മുതൽ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന് രാത്രിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സിത്താര, കണ്ണൂർ ശരീഫ് എന്നിവർ നയിക്കുന്ന ‘പ്രോജക്ട് മലബാറിക്കസ്’ ബാൻഡും ഗാനമേളയും അരങ്ങേറും. റാപ് ഗായകൻ ഡെബ്സിയുടെ ഗാനങ്ങളും ഉണ്ടാകും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ ജനത ഒരുക്കുന്ന രക്തസാക്ഷി സ്മരണാഞ്ജലി ദുബൈ കെ.എം.സി.സിയിലും നടക്കും. നവംബർ 30ന് രാത്രി ഏഴിന് ദുബൈ കെ.എം.സി.സിയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും.
ധീര രക്ത സാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് തയാറാക്കിയ പ്രത്യേക ഡോക്യുമെന്ററി പ്രദർശനവും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ ഇസ്മയിൽ ഏറാമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി. ഇസ്മയിൽ, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടിയിൽ, ഒ. മൊയ്തു, ബാബു എടക്കുളം, പി.വി. നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, റഈസ് തലശ്ശേരി, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ഷഫീഖ് സലാഹുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.