ദുബൈ: ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൗരന്മാരും താമസക്കാരും സന്ദർശകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് യു.എ.ഇ അധികൃതർ. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവിസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണമെന്നാണ് പ്രധാനമായും നിർദേശിച്ചിട്ടുള്ളത്.
വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങുകയോ മാറ്റിവെക്കുകയോ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷെഡ്യൂളുകളിലെ മാറ്റം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
അതോടൊപ്പം, വിവിധ രാജ്യങ്ങളിൽ കഴിയുന്ന യു.എ.ഇ പൗരന്മാർ ‘തവാജുദീ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ജോർഡൻ, ഇറാഖ്, ലബനാൻ, സിറിയ, ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ കഴിയുന്നവരോടാണ് നിർദേശം നൽകിയിട്ടുള്ളത്.
പൗരന്മാർക്ക് സേവനം നൽകുന്ന മന്ത്രാലയത്തിന്റെ സംവിധാനമാണിത്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചത്തലത്തിൽ വ്യോമപാതകൾ അടച്ചതോടെ യു.എ.ഇയിൽനിന്നുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇറാഖ്, ജോർഡൻ, ലബനാൻ, ഇറാൻ, റഷ്യ, അസർബൈജാൻ, ജോർജിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളതും തിരിച്ചുമുള്ള സർവിസുകളാണ് റദ്ദാക്കിയത്. എമിറേറ്റ്സ്, ഫ്ലൈ ദുബൈ, ഇത്തിഹാദ്, എയർ അറേബ്യ എന്നിവയുടെ സർവിസുകൾ റദ്ദായവയിൽ ഉൾപ്പെടും.
ചില രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ എല്ലാ യാത്രക്കാരും അവരുടെ വിമാന സർവിസ് അപ്ഡേറ്റുകൾ പതിവായി പരിശോധിക്കണമെന്ന് വിവിധ വിമാനത്താവള അധികൃതർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരക്ഷയുടെയും സേവനത്തിന്റെയും ഉയർന്ന നിലവാരം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും നടപ്പാക്കുന്നുണ്ടെന്നും നേരത്തേ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.