അബൂദബി: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ‘ദേശീയ ജീനോം സ്ട്രാറ്റജി’ക്ക് രാജ്യത്ത് തുടക്കമായി. ഇതിന്റെ ഭാഗമായി പൗരന്മാരുടെ ജനിതക ഘടന പഠിക്കുകയും ഇതുപയോഗിച്ച് വ്യക്തിഗത ആരോഗ്യ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നൽകുകയും ചെയ്യാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പ്രമേഹം, രക്തസമ്മർദം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ വ്യാപനം കുറക്കാനുള്ള മാർഗങ്ങൾ വികസിപ്പിക്കാനും ഇത് സഹായിക്കും. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയിലെ കാര്യക്ഷമതയെ ഇത് വളരെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഭാവി പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് എമിറേറ്റ്സ് ജീനോ കൗൺസിലിനും രൂപം നൽകിയിട്ടുണ്ട്. ഭാവിയിൽ പദ്ധതിക്കാവശ്യമായ നിയമനിർമാണത്തിനും മറ്റുമുള്ള മേൽനോട്ടം കൗൺസിലിനായിരിക്കും. ശാസ്ത്രവും വിജ്ഞാനവും എപ്പോഴും യു.എ.ഇയുടെ വികസനത്തിന്റെ പ്രധാന ചാലകങ്ങളാണെന്നും ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷയും ജീവിത നിലവാരവും ഉറപ്പാക്കുക എന്നതാണ് മുൻഗണനയെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
ജനിതക ഘടന പഠിക്കുന്നത് ചില രോഗങ്ങളുടെ വ്യാപനം കുറക്കുന്നതിനും മുൻകൂട്ടി ഇടപെടാനും ഏറ്റവും ഫലപ്രദമായ ചികിത്സ മനസ്സിലാക്കാനും ഡോക്ടർമാരെ സഹായിക്കും. ജീനോമിക് സയൻസസ് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യ മേഖലയിലെ ചെലവുകളും കുറക്കും. രോഗങ്ങൾ തടയാൻ സാധിക്കുന്നതിനാൽ മരുന്നുകളുടെ ഉപയോഗവും വലിയ അളവിൽ കുറക്കാനാകും. പൗരന്മാരുടെ ജനിതകഘടന പഠിക്കുന്നതിന് നിലവിൽ നാലുലക്ഷത്തിലധികം പൗരന്മാർ ഇതിനകം രക്തസാമ്പിളുകളും ഡി.എൻ.എ സ്രവങ്ങളും സമർപ്പിച്ചിട്ടുണ്ട്. പത്തുലക്ഷം പേരുടെ വിവരങ്ങൾ ശേഖരിക്കലാണ് ലക്ഷ്യംവെക്കുന്നത്. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് എമിറേറ്റ്സ് ജീനോം കൗൺസിൽ ചെയർമാൻ. മന്ത്രി സാറ ബിൻത് യൂസുഫ് അൽ അമീരിയാണ് ജനറൽ സെക്രട്ടറിയായി നിയമിതയായ ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.