മനം നിറച്ച്​ മലയടിവാരത്തെ ജൈവ വേലികൾ

ഷാര്‍ജ: കണ്ണും മനസും കളിർപ്പിക്കുന്ന കാഴ്​ചയാണ്​ കല്‍ബയിലെ മലയടിവാരത്തുള്ള ജൈവവേലികൾ നലകുന്നത്​. വേലി അവസാനിക്കുന്നിടത്ത് നിറയെ പൂത്ത് നില്‍ക്കുന്ന ചെടികള്‍. ചില്ലകളില്‍ കിളികള്‍, തടിയിലൂടെ ചോണനുറുമ്പുകളുടെ ജാഥ. ഒരുകാലത്ത് കേരളത്തില്‍ എവിടെ തിരഞ്ഞ് നോക്കിയാലും പൂവിട്ട് നില്‍ക്കുന്ന വേലികള്‍ കാണാമായിരുന്നു. പൂവ് മാത്രമായിരുന്നില്ല ജൈവ വേലികള്‍ നല്‍കിയിരുന്നത്. മരുന്നും വളവും തണലും സൗഹൃദവും പ്രണയവും അവ വെച്ചു നീട്ടീ. മുളയുടെ ചെറിയ കമ്പുകള്‍ കൊണ്ട് തീര്‍ത്ത വേലികള്‍ക്ക് കരുത്ത് പകര്‍ന്നിരുന്നത് ചെടികളായിരുന്നു. മനുഷ്യര്‍ക്ക് ആവശ്യമില്ലാത്തത് അവ മൃഗങ്ങൾക്ക്​ നല്‍കി. വേലികള്‍ പൊളിക്കാതെ അവ കറുകയും കുതിര പുല്ലും (ഗിനി) മറ്റും തിന്ന് പാല്‍ചുരത്തി. ശീമകൊന്നയുടെ തനി സ്വരൂപത്തിലുള്ള ചെടികളാണ് കല്‍ബയിലെ അതിരുകളില്‍ വേലികളായി വളരുന്നത്.

ധാരാളം ഇലകളുള്ള വേലി പടര്‍പ്പുകള്‍ക്കുള്ളില്‍ നിന്ന് കുരുവികളുടെ സല്ലാപം. പുഷ്പവാടിയില്‍ നിറയെ ശലഭങ്ങള്‍. കണ്ണിന് ആരോഗ്യം പകരുന്ന കാഴ്ച്ചയില്‍ നിന്ന് പിന്തിരിയാനെ തോന്നില്ല. മലയടിവാരത്ത് മേഞ്ഞ് തളര്‍ന്ന കഴുതകള്‍ വേലിയുടെ തണല്‍ പറ്റി നില്‍ക്കുന്നു. ആടുകള്‍ കുന്നിന്‍ മുകളില്‍ തുള്ളി ചാടി തിമര്‍ത്ത്, വേലിക്ക് സമീപത്തെ കുറ്റി ചെടിയില്‍ നിന്ന് ഇലകള്‍ ആര്‍ത്തിയോടെ തിന്നുന്നു. കേരളത്തിലെ ഗ്രാമീണ വേലികള്‍ക്ക് കരുത്ത് പകര്‍ന്നിരുന്നവയില്‍ മുന്നിലായിരുന്നു ശീമ കൊന്ന. വാതം കൊല്ലി,  നീല അമരി, ശിവ മൂലി, കഞ്ഞെണ്ണ, വള്ളിപ്പാല, വയല്‍ ചുള്ളി, മിത്തിള്‍, കേശവര്‍ദ്ധിനി, ചെറുവഴുതിന, ആടലോടകം, പനി കൂര്‍ക്കല്‍ തുടങ്ങിയവയെല്ലാം വേലികളെ തലോടി വളര്‍ന്ന കാലം ഇന്ന് ഒാർമകളാണ്. ഗള്‍ഫ് പണത്തിന്‍െറ കുത്തൊഴുക്കിലാണ് വേലികള്‍ കടപുഴകയതെന്ന് തീര്‍ത്തും പറയാം. അതേ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍, വാരാന്ത അവധി ആഘോഷിക്കാന്‍ വടക്കന്‍ മലയോരങ്ങളിലേക്ക്  പോകുമ്പോള്‍, കേരളത്തില്‍ നിന്ന് മണ്‍മറഞ്ഞ കാഴ്ച്ചകള്‍ കണ്ട് അന്തം വിടുന്നു. കാലികള്‍ക്ക് തിന്നാന്‍ പുല്ല് വളര്‍ത്തുന്ന പാടങ്ങളില്‍, അങ്ങിങ്ങായി കാണുന്ന കാശിതുമ്പകളും പത്ത് മണി പൂക്കളും മലയാളികളെ കൊതിപ്പിക്കുന്ന കാഴ്ച്ചയാണ്. പാറകൂട്ടങ്ങള്‍ക്കിടയില്‍ കണികൊന്ന ചെടികളും വളരുന്നുണ്ട്. വെയിലിന് ശക്തി കൂടിയാല്‍ ഇവ പൂക്കും. 

അധികം ഉയരം വെക്കാത്ത കൊന്ന പൂക്കള്‍ക്ക് നാട്ടിലെ പൂക്കളുടെ അതേ നിറവും മണവുമാണ്. കൃഷി, ക്ഷീരം എന്നീവ ഒഴിവാക്കിയാല്‍ ബദുവിയന്‍ ജീവിതമില്ല. യു.എ.ഇയുടെ വടക്കന്‍ മേഖലയുടെ ഹരിത കാന്തിയുടെ പ്രധാന കാരണം ബദുക്കള്‍ തന്നെയാണ്. ഉരുളന്‍ കല്ലുകള്‍, ചെളികള്‍ കൊണ്ട് ഉറപ്പ് വരുത്തി ഭിത്തികള്‍ കെട്ടി, ഈന്തപ്പന തടി കൊണ്ട് പട്ടികയും കഴുക്കോലും ചൂഴികയും തീര്‍ത്ത്, ഈന്തപ്പനയോലെമെടഞ്ഞുണക്കിയാണ് ബദുക്കള്‍ വീടൊരുക്കിയിരുന്നത്. ആധുനിക കാലത്തും കോണ്‍ക്രീറ്റിനോട് വലിയ അടുപ്പം ബദുക്കള്‍ കാണിക്കാറില്ല. വാദി അല്‍ ഹെലോയിലെ തൂവെള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ കണ്ടാല്‍ ഇത് മനസിലാകും.

Tags:    
News Summary - uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.