യു.എ.ഇ ബാങ്കുകൾ എസ്​.എം.എസ് ഒ.ടി.പി നിർത്തുന്നു; ഇനിയെല്ലാം ‘ആപ്പി’ൽ

ദുബൈ: ഓൺലൈൻ കാർഡ്​ പേയ്​മെന്‍റുകൾ നടത്തുമ്പോൾ ഒ.ടി.പി എസ്​.എം.എസായി അയക്കുന്ന പതിവ്​ യു.എ.ഇയിലെ വിവിധ ബാങ്കുകൾ അവസാനിപ്പിക്കുന്നു. ആപ്ലിക്കേഷൻ വഴി പേയ്​മെന്‍റ്​ ഓതന്‍റിക്കേഷൻ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ്​ പരിഷ്കരണം നടപ്പാക്കുന്നത്​. ഇത്​ സംബന്ധിച്ച്​ വിവിധ ബാങ്കുകൾ ഉപഭോക്​താക്കൾക്ക്​ മെസേജുകൾ അയച്ചിട്ടുണ്ട്​. രാജ്യത്ത്​ നിരവധി ഉപഭോക്​താക്കളുള്ള ബാങ്ക്​ പരിഷ്കരണം ജനുവരി ആറ്​ മുതൽ നടപ്പാക്കുമെന്ന്​ അറിയിച്ചതായി ‘ഇമാറാത്ത്​ അൽ യൗം’ റിപ്പോർട്ട്​ ചെയ്തു. പുതിയ രീതി നടപ്പാക്കുന്നതിന്​ മുന്നോടിയായി ബാങ്കിന്‍റെ മൊബൈൽ ആപ്​ ഡൗൺലോഡ്​ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

രാജ്യത്തെ ബാങ്കുകൾ നിന്ന്​ ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ഒ.ടി.പി മെയിലിലും എസ്​.എം.എസായും ലഭിക്കുന്ന പതിവ്​ അവസാനിപ്പിക്കുന്ന പ്രക്രിയ കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ചിരുന്നു. ഒ.ടി.പികൾ അയക്കുന്നത്​ ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള യു.എ.ഇ സെൻട്രൽ ബാങ്ക്​ നിർദേശപ്രകാരമാണ്​ നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ വ്യക്​തമാക്കിയിരുന്നു​. പുതിയ മാറ്റം ഇടപാടുകൾ കൂടുതൽ സുരക്ഷിതവും എളുപ്പത്തിലുമാക്കുന്നതുമാണ്​. ബാങ്ക്​ അക്കൗണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്ന്​ രക്ഷപ്പെടാനും ഉപഭോക്​താക്കൾക്ക്​ സംവിധാനം വഴി സാധ്യമാകും.

എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര ഇടപാടുകളും 2026 മാർച്ചോടെ ആപ്​ വഴിയുള്ള ഓതന്‍റിഫിക്കേഷനിലേക്ക്​ മാറണമെന്നാണ്​ നിർദേശിച്ചിരുന്നത്​. ഇതനുസരിച്ച്​ ഈ വർഷം മാർച്ചോടെ എസ്​.എം.എസ്​ ഒ.ടി.പികൾ പൂർണമായും ഇല്ലാതാകുമെന്നാണ്​ റിപ്പോർട്ട്​. അതുവരെ ചില ഉപഭോക്​താക്കൾക്ക്​ മാത്രം ഒ.ടി.പി ലഭിക്കും. ആപ്​ വഴിയുള്ള ആധികാരികത ഉറപ്പുവരുത്തൽ സംവിധാനം ഉപഭോക്​താക്കൾക്ക്​ കൂടുതൽ എളുപ്പമുള്ളതുമാണ്​. എസ്​.എം.എസ്​ വഴിയും മെയിൽ വഴിയും വരുന്ന ഒ.ടി.പികൾ ടൈപ്പ്​ ചെയ്യുകയോ കോപി ചെയ്യുകയോ വേണ്ടതുണ്ടായിരുന്നു. എന്നാൽ ആപ്​ വഴിയാകുമ്പോൾ ഇടപാടിന്​ അംഗീകാരം നൽകാ​നും തള്ളിക്കളയാനും ഒരു നിമിഷത്തിൽ സാധിക്കും.

മിക്ക സൈബർ തട്ടിപ്പുകളും ഒ.ടി.പി അടിസ്ഥാനമാക്കിയാണ്​ നടക്കുന്നത്​. ഇടപാടുകൾ ആപ്​ വഴി ആകുന്നതോടെ സൈബർ തട്ടിപ്പുകൾ വളരെ കുറക്കാൻ സാധിക്കും. എസ്​.എം.എസ്​ വഴി ലഭിക്കുന്ന ഒ.ടി.പികൾ മൊബൈൽ നമ്പർ ഹൈജാക്ക്​ ചെയ്ത്​ കൈക്കലാക്കുന്ന തട്ടിപ്പുകാരുണ്ട്​. ഇതിൽ നിന്നും സുരക്ഷ നൽകുന്നതാണ്​ പുതിയ സംവിധാനം. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്​, പാസ്​കോഡ്​വിഡിയോ സെൽഫി പോലുള്ള തൽസമയ പരിശോധന എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്​. അതിനാൽ മറ്റൊരാൾക്ക്​ ആപ്പുകൾ ആക്സസ്​ ചെയ്യാൻ സാധിക്കണമെന്നില്ല.

Tags:    
News Summary - UAE banks stop SMS OTP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.