ഹെസ്സ സ്ട്രീറ്റ് വികസന രൂപരേഖ
ദുബൈ: നഗരത്തിലെ പ്രധാന സ്ട്രീറ്റുകളിൽ ഒന്നായ ഹെസ്സ സ്ട്രീറ്റ് വികസനത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കരാർ നൽകി. അൽഖൈൽ റോഡിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിൽ മൂന്ന് കിലോമീറ്റർ നീളത്തിൽ റോഡ് ഇടനാഴി വികസിപ്പിക്കുന്നതാണ് രണ്ടാം ഘട്ടത്തിലെ പ്രധാന പ്രവൃത്തി. 8,835 മീറ്റർ നീളത്തിൽ പാലങ്ങളും 480 മീറ്റർ നീളത്തിലുള്ള തുരങ്കവും വികസിപ്പിച്ചുകൊണ്ട് മൂന്ന് പ്രധാന ജങ്ഷനുകളുടെ നവീകരണവും ഉൾപ്പെടുന്നതാണ് ഹെസ്സ വികസന പദ്ധതി. നിരവധി റോഡുകളുമായി ബന്ധിപ്പിക്കുന്ന എൻട്രി, എക്സിറ്റ് മെച്ചപ്പെടുത്തലുകളും പദ്ധതിയിൽ ഉൾപ്പെടും.
പദ്ധതി പൂർത്തിയാവുന്നതോടെ ഹെസ്സ സ്ട്രീറ്റിന്റെ ശേഷി 100 ശതമാനം വർധിച്ച് മണിക്കൂറിൽ 4,000 വാഹനങ്ങൾ എന്നത് 8,000 വാഹനങ്ങളായി ഉയരും. 10 താമസ, വികസന മേഖലകളിലെ ഏതാണ്ട് 6.5 ലക്ഷം നിവാസികൾക്ക് പദ്ധതി പ്രയോജനപ്പെടും. യാത്ര സമയം 24 മിനിറ്റിൽ നിന്ന് അഞ്ച് മിനിറ്റായി കുറയും.
കൂടാതെ ഗ്രേഡ്-സെപറേറ്റഡ് കളക്ടർ റോഡുകൾ നിർമിക്കൽ, ഹെസ്സ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്കും അബൂദബിയിലേക്കും ഗതാഗതം സുഗമമാക്കുന്നതിന് രണ്ട്-വരി സെക്കൻഡ് ലെവൽ ഡയറക്ട് റാമ്പ്, അൽ ഖൈൽ റോഡിൽ നിന്ന് ഹെസ്സ സ്ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് മൂന്നാം ലെവൽ രണ്ട്-വരി ഫ്ലൈഓവർ എന്നിവയും പദ്ധതിയും ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ പാലങ്ങളുടെ നീളം 2,215 മീറ്ററിലെത്തും. അതുവഴി മണിക്കൂറിൽ ഉൾകൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം 18,200 ആയി ഉയരും. അൽഖൈൽ റോഡിനും അൽ ഖാമില സ്ട്രീറ്റിനും ഇടയിലുണ്ടാകുന്ന ഗതാഗത തിരക്ക് ഇല്ലാതാക്കാനായി 525 മീറ്റർ നീളത്തിൽ രണ്ട് വരിയുള്ള ബ്രെയ്ഡഡ് റാംപും നിർമിക്കും. റാംപിലൂടെ മണിക്കൂറിൽ 2800 വാഹനങ്ങൾക്ക് കടന്നുപോകാനാകും.
അൽ ഖൈൽ റോഡ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ നീളുന്ന വിപുലീകരണ പദ്ധതിയിലൂടെ ഹെസ്സ സ്ട്രീറ്റിന്റെ ഇരു ദിശയിലേക്കുമുള്ള പാതകൾ രണ്ട് വരിയിൽ നിന്ന് നാലു വരിയാക്കി വികസിപ്പിക്കും. 2026ലെ ആദ്യ പാദ വർഷത്തിൽ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയാകുമെന്ന് ആർ.ടി.എ എക്സിക്യുട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ പറഞ്ഞു. അതേസമയം, പാലങ്ങളുടെ നിർമാണം, കവലകൾ മെച്ചപ്പെടുത്തലുകൾ, സൈക്ലിങ് ട്രാക്കുകളുടെ നിർമാണം എന്നിവ ഉൾപ്പെടുന്ന പദ്ധതിയുടെ ഒന്നാം പൂർത്തിയായതായും ഏപ്രിലിൽ ഗതാഗതത്തിന് തുറന്ന് നൽകുമെന്നും ആർ.ടി.എ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.