ഫ്യൂചർ മ്യൂസിയം
ദുബൈ: നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണ കേന്ദ്രങ്ങളിലൊന്നായ ഫ്യൂചർ മ്യൂസിയം നാലുവർഷം പൂർത്തിയാകുമ്പോൾ സന്ദർശകരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. 2022 ഫെബ്രുവരി 22ന് പൊതുജനങ്ങൾക്കായി തുറന്ന മ്യൂസിയത്തിൽ ലോകത്തെ പ്രമുഖരടക്കമുള്ള സന്ദർശകരാണ് ചുരുങ്ങിയ കാലത്തിനകം എത്തിച്ചേർന്നത്. ഫ്യൂചർ മ്യൂസിയം നാലാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയാണ് സന്ദർശകരുടെ എണ്ണം വെളിപ്പെടുത്തിയത്. കഴിഞ്ഞ നാലു വർഷത്തിനിടെ 620ൽ അധികം കോൺഫറൻസുകളും സംവാദങ്ങളും മ്യൂസിയത്തിൽ സംഘടിപ്പിച്ചു. നിർമിതബുദ്ധി, സുസ്ഥിര നഗരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികരംഗം, ഭാവിയിലെ തൊഴിൽ മേഖല, സാങ്കേതികവിദ്യ, കല തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കോൺഫറൻസുകളിൽ ചർച്ചയായത്. 224 വിദ്യാഭ്യാസ പരിപാടികളും പ്രത്യേക വർക്ക്ഷോപ്പുകളും വിവിധ പ്രായത്തിലും തൊഴിൽ മേഖലകളിലുമുള്ള വിഭാഗങ്ങളെ ലക്ഷ്യമാക്കി നടന്നു.
2025ൽ മാത്രം ഒമ്പത് രാഷ്ട്രത്തലവന്മാരും 46 മന്ത്രിമാരും ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുണ്ട്. ‘ദുബൈ ഫ്യൂചർ ഫോറം’ പോലുള്ള ആഗോള ഫോറങ്ങളും ‘ഫ്യൂചർ ടോക്സ്’ പരമ്പരയും മ്യൂസിയത്തിന്റെ അന്താരാഷ്ട്ര സ്വാധീനം ശക്തിപ്പെടുത്തുന്നതിന് സഹായകരമായിട്ടുണ്ട്. ‘ഗ്രേറ്റ് അറബ് മൈൻഡ്സ്’ സംരംഭം വഴി മൂന്ന് എഡിഷനുകളിലായി 18 പ്രമുഖ അറബ് ശാസ്ത്രജ്ഞരെയും ചിന്തകരെയും മ്യൂസിയത്തിൽ ആദരിക്കുകയും ചെയ്തു. 2026ലെ വേൾഡ് ഗവൺമെന്റ് സമ്മിറ്റിന്റെ സന്ദർഭത്തിൽ മ്യൂസിയത്തിൽ അപൂർവ ജീവിവർഗ സംരക്ഷണവും പരിസ്ഥിതി നിലനിൽപ്പും ലക്ഷ്യമിട്ട് ലാബിന് തുടക്കം കുറിച്ചിരുന്നു. മ്യൂസിയം 77 മീറ്റർ ഉയരമുള്ള കെട്ടിടമാണ്. ഇത് 1,024 പ്രത്യേക പാനലുകൾകൊണ്ട് നിർമിച്ചതാണ്. കെട്ടിടം പ്രവർത്തിപ്പിക്കാനുള്ള 30ശതമാനത്തിലധികം വൈദ്യുതി സൗരോർജത്തിൽനിന്നാണ് ലഭിക്കുന്നത്. 2023ൽ ‘ലീഡ്’ പ്ലാറ്റിനം സർട്ടിഫിക്കേഷൻ നേടി മിഡിൽ ഈസ്റ്റിലെ സുസ്ഥിര ആർക്കിടെക്ചറിന്റെ മാതൃകയായി മ്യൂസിയം മാറി. അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ സന്ദർശകരുടെ എണ്ണത്തിലല്ല, ഭാവി തലമുറകൾക്ക് പ്രായോഗിക പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിലാണ് മ്യൂസിയത്തിന്റെ യഥാർഥ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.