സൈബർ ഭീകരാക്രമണം തകർത്ത്​ യു.എ.ഇ

ദുബൈ: ഭീകരാക്രമണ സ്വഭാവമുള്ള സൈബർ അതിക്രമത്തെ പരാജയപ്പെടുത്തി യു.എ.ഇയുടെ ദേശീയ സൈബർ സെക്യൂരിറ്റി സംവിധാനം. രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും നിർണായക മേഖലകളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണം തടഞ്ഞതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലാണ്​ വെളിപ്പെടുത്തിയത്​. രാജ്യത്തെ അസ്ഥിരപ്പെടുത്താനും ജനങ്ങളുടെ അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു ആക്രമണശ്രമങ്ങളെന്നും വാർത്ത എജൻസി റിപ്പോർട്ടിൽ പറഞ്ഞു.

നെറ്റ് വർക്കുകളിൽ അനധികൃത പ്രവേശിക്കാൻ ശ്രമം, റാൻസംവെയർ വിന്യാസം, ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട് സംഘടിത ഫിഷിംഗ് ക്യാമ്പയ്‌നുകൾ നടത്തൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ സങ്കീർണമായ ആക്രമണ ഉപകരണങ്ങൾ വികസിപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടതായി അധികൃതർ പറഞ്ഞു. ഇത് ഭീകര ഗ്രൂപ്പുകൾ ആധുനിക സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്ത് സൈബർ ആക്രമണങ്ങൾ നടത്താനുള്ള ശേഷി വർധിപ്പിച്ചതിന്റെ തെളിവാണെന്നും കൗൺസിൽ വിലയിരുത്തി.

പൗരന്മാരുടെ സുരക്ഷ, വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം, നിർണായക സേവനങ്ങളുടെ തുടർച്ച എന്നിവയാണ് ഏറ്റവും പ്രധാന മുൻഗണനകളെന്ന് കൗൺസിൽ വ്യക്​തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ദേശീയ സൈബർ സുരക്ഷ സംവിധാനം സേവനദാതാക്കളുമായും ദേശീയ-അന്തർദേശീയ ഏജൻസികളുമായും സാങ്കേതിക പങ്കാളികളുമായും സഹകരിച്ച്​ ഇതിനായി പ്രവർത്തിക്കുന്നുണ്ട്​.

ഭീഷണികളെ മുൻകൂട്ടി കണ്ടെത്താനുള്ള സംവിധാനങ്ങൾ, ഡിജിറ്റൽ പ്രതിരോധ ശേഷി ശക്തിപ്പെടുത്തൽ എന്നിവക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ മേഖലയെ സുരക്ഷിതമാക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച കൗൺസിൽ, സംശയാസ്പദമായബ കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും ഭീഷണി ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - UAE thwarts cyber terrorist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-22 07:55 GMT