അബൂദബിയിലെ ഖസ്ർ അൽ വത്നിൽ നടന്ന മന്ത്രിസഭ യോഗം
ദുബൈ: മത്സരക്ഷമതയിൽ ലോകത്തെ മുൻനിര രാജ്യങ്ങളിൽ ഉൾപ്പെട്ട് യു.എ.ഇ. ആഗോള തലത്തിൽ ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു രാജ്യങ്ങളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇ മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ചർച്ച ചെയ്തത്. അബൂദബിയിലെ ഖസ്ർ അൽ വത്നിലാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം നടന്നത്.വേൾഡ് കോംപറ്റിറ്റീവ്നെസ് സെന്ററാണ് 2025 ലെ വാർഷിക മത്സരക്ഷമത റിപ്പോർട്ട് പുറത്തിറക്കിയത്. റിപ്പോർട്ട് പ്രകാരം സാമ്പത്തിക മത്സരശേഷി, സർക്കാർ കാര്യക്ഷമത, നിയമനിർമ്മാണ കരുത്ത്, ബിസിനസ് അന്തരീക്ഷം എന്നിവയിൽ യു.എ.ഇ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണുള്ളത്. ഏറ്റവും ഉയർന്ന റാങ്കിങ് നേടിയ രാജ്യം സ്വിറ്റ്സർലൻഡാണ്.
സിംഗപ്പൂർ, ഹോങ്കോംഗ്, ഡെൻമാർക്ക് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ ഇടം നേടിയ മറ്റു രാജ്യങ്ങൾ.16 വർഷങ്ങൾക്ക് മുമ്പ് മത്സരക്ഷമത കേന്ദ്രം സ്ഥാപിക്കുകയും ഏറ്റവും പ്രധാനപ്പെട്ട ദേശീയ സ്ഥാപനങ്ങളുടെ ശ്രമങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്തുവെന്നും, ഈ ശ്രമങ്ങളിലൂടെ 2009ൽ ആഗോളതലത്തിലെ 28ാം സ്ഥാനത്ത് നിന്ന് യു.എ.ഇ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ അഞ്ച് രാജ്യങ്ങളിലേക്ക് ഉയർന്നുവെന്നും ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടിൽ കുറിച്ചു.കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് സ്ഥാനങ്ങളാണ് യു.എ.ഇ മുന്നേറിയിട്ടുള്ളത്. 1,800 സ്വദേശികൾക്ക് വേണ്ടിയുള്ള 120കോടി ദിർഹമിന്റെ ഭവന സഹായ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.യു.എ.ഇ പാസ് ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണവും യോഗം അവലോകനം ചെയ്തു.സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 1.1കോടിയാണ്. 60കോടിയിലധികം ലോഗിനും ഉണ്ടായിട്ടുണ്ട്. സേവനം ഇപ്പോൾ 13ലധികം സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ പുനഃസംഘടനക്കും ചൊവ്വാഴ്ചത്തെയോഗം അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.