ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ വിദ്യാർഥികൾക്കൊപ്പം. ചിത്രം ‘വാം’
ദുബൈ: 2004 റമദാൻ 19ന് ഈ ലോകത്തോട് വിടപറഞ്ഞ യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ സ്മരണയിൽ യു.എ.ഇ ഇന്ന് സായിദ് ഹ്യുമാനിറ്റേറിയൻ ദിനം ആചരിക്കും. മനുഷ്യസ്നേഹത്തിന്റെയും ദാനധർമ്മത്തിന്റെയും പ്രതീകമായ ശൈഖ് സായിദിന്റെ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന ദിനമെന്ന നിലയിൽ രാജ്യത്ത് എല്ലാവർഷവും ദിനാചരണം സംഘടിപ്പിക്കുന്നത്.
1918ൽ അബൂദബിയിലെ ഖസ്ർ അൽ ഹുസ്നിൽ ജനിച്ച അദ്ദേഹം 1966 ആഗസ്ത് 6നാണ് എമിറേറ്റിന്‍റെ ഭരണ സാരഥ്യം ഏറ്റെടുത്തത്. നഗരവത്കരണം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സൈന്യം, പൊലീസ്, സാമൂഹിക വികസനം തുടങ്ങി സർവ്വതലങ്ങളെയും സമഗ്രമായി സ്പർശിക്കുന്ന നാഗരിക പുരോഗതിക്ക് അതോടെ തുടക്കമാവുകയായിരുന്നു. അബൂദബിയുടെ ഭരണമേറ്റെടുത്ത് ഏതാണ്ട് രണ്ടു വർഷത്തിനു ശേഷം തന്‍റെ ചിന്തയും പ്രായോഗിക ജ്ഞാനവും ഇഴകിച്ചേർന്ന ഐക്യാഹ്വാനം സഹോദരങ്ങളായ എമിരേറ്റ്സ് ഭരണാധികാരികൾക്കു മുമ്പിൽ അദ്ദേഹം സമർപ്പിച്ചു. ചരിത്രപരമായ ഈ ആഹ്വാനത്തിന് ഉത്തരം നൽകാൻ ഭരണാധികാരികൾ ഒട്ടും ശങ്കിച്ചുനിന്നില്ല.
ഇതായിരുന്നു മഹത്തായ യു.എ.ഇ എന്ന രാഷ്ട്രത്തിന്‍റെ പിറവിക്ക് കാരണമായത്. നേട്ടങ്ങളാൽ സമ്പന്നമായ അറേബ്യൻ രാജ്യങ്ങളുടെ മുൻനിരയിൽ യു.എ.ഇയെ എത്തിച്ചത് ശൈഖ് സായിദിന്‍റെ അസാധാരണ മികവ് തന്നെയാണ്. ശൈഖ് സായിദ് വർഷങ്ങൾക്കു മുമ്പ് കണ്ട സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് കാണുന്ന നേട്ടങ്ങളെല്ലാം. ജീവകാരുണ്യ രംഗത്തും രാജ്യത്തിന് മാതൃക കാണിച്ചത് അദ്ദേഹം തന്നെയായിരുന്നു. 1971 മുതൽ 2004 വരെ യു.എ.ഇ ലോക രാജ്യങ്ങൾക്ക് ഏകദേശം 90.5ശതകോടി ദിർഹം വിലമതിക്കുന്ന മാനുഷിക സഹായം നൽകിയതായി കണക്കുകൾ പറയുന്നു. ശൈഖ് സായിദിന്റെ മനുഷ്യസ്‌നേഹ പാരമ്പര്യം തുടരുന്ന യു.എ.ഇ, ഈ റമദാനിലും വിവിധ സഹായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. റമദാൻ പരിപാടികൾ വഴി 44 രാജ്യങ്ങളിലായി 15 ലക്ഷത്തിലധികം പേർക്ക് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.