പൗരൻമാർക്ക്​ വീടുവെക്കാൻ 600 കോടി രൂപ അനുവദിച്ച്​ യു.എ.ഇ

ദുബൈ: പൗരൻമാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിർഹം (600 കോടി രൂപ) അനുവദിച്ച്​ യു.എ.ഇ. ശൈഖ്​ സായിദ്​ ഭവന പദ്ധതിയുടെ ഭാഗമായാണ്​ തുക അനുവദിച്ചത്​. ദാനധർമങ്ങളുടെ മാസമായ റമദാനിൽ യു.എ.ഇ പൗരൻമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവർക്ക്​ മാന്യമായ ജീവിതം ഉറപ്പാക്കാനും ശൈഖ്​ സായിദ്​ പദ്ധതിയിൽ ശ്രമം തുടരുമെന്ന്​ യു.എ.ഇ അടിസ്ഥാന വികസന വകുപ്പ്​ മന്ത്രി സുഹൈൽ അൽ മസ്​റൂയി പറഞ്ഞു.

വീട്​ നിർമാണം, പൂർത്തീകരിക്കൽ, സ്ഥലം വാങ്ങിക്കൽ, അറ്റകുറ്റപ്പണി, വിപുലീകരണം എന്നിവക്കെല്ലാം തുക അനുവദിക്കും. ഭവന പദ്ധതിക്കായി അപേക്ഷിച്ച എല്ലാ അപേക്ഷകളും സ്വീകരിച്ച്​ നടപടികൾ പൂർത്തിയാക്കാൻ യു.എ.ഇ ​പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 230 കോടി ദിർഹം അനുവദിച്ചിരുന്നു. അടുത്ത അഞ്ച്​ വർഷത്തിനുളളിൽ ഈ അപേക്ഷകളെല്ലാം തീർപ്പാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ 432 കുടുംബങ്ങൾക്കായി 29 കോടി ദിർഹം അനുവദിച്ചത്​.

പലിശ രഹിതമായാണ്​ പദ്ധതിയിൽ പണം അനുവദിക്കുന്നത്​. കുറഞ്ഞ വരുമാനക്കാർ 25 വർഷം കൊണ്ട്​ ഈ തുക തിരിച്ചടച്ചാൽ മതി. 1999ലാണ്​ പദ്ധതി ലോഞ്ച്​ ചെയ്തത്​. വൻ തുകകളുടെ ഭവന വായ്പകൾ എഴുതിത്തള്ളുന്നതും യു.എ.ഇയിൽ പതിവാണ്​. അനാഥർ, വിധവകൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ്​ മുൻഗണന.

പൗരൻമാർക്ക്​ മാന്യമായ താമസ സൗകര്യമൊരുക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി എന്നിവരും കോടിക്കണക്കിന്​ ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - UAE allotted 600 crore rupees to citizens to build houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.