ദുബൈ: ഐഫോൺ വിൽപനയുടെ പേരിൽ ഷോപ്പ് ഉടമയിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടു കടത്താനും കോടതി നിർദേശിച്ചു. 146,000 ദിർഹമാണ് മറ്റൊരാളുമായി ചേർന്ന് ജീവനക്കാർ ഷോപ്പുടമയിൽ നിന്ന് തട്ടിയെടുത്തത്. ഉപഭോക്താവിന്റെ വേഷത്തിലെത്തിയ തട്ടിപ്പുകാരൻ 35 ഐഫോൺ 15 പ്രോ വേണമെന്ന് കടയുടമയോട് ആവശ്യപ്പെടുകയായിരുന്നു. കടയിൽ ഇത്രയധികം ഫോണുകൾ ലഭ്യമായിരുന്നില്ല. എങ്കിലും ബിസിനസ് അവസരം നഷ്ടപ്പെടുത്തേണ്ട എന്ന് കരുതി കടയുടമ തൊട്ടടുത്ത കടയിൽ നിന്ന് ഫോൺ വാങ്ങുന്നതിനായി രണ്ട് ജീവനക്കാരുടെ കയ്യിൽ 146,000 ദിർഹം നൽകി.
ജീവനക്കാർ ഈ പണം മൊബൈൽ വാങ്ങുന്നതിന് പകരം ഉപഭോക്താവിന്റെ വേഷത്തിലെത്തിയ ആളുമായി ഗൂഢാലോചന നടത്തുകയും പണം അയാൾക്ക് കൈമാറുകയും ചെയ്തു. പകരമായി ഒരാൾക്ക് 50,000 ദിർഹവും രണ്ടാമത്തെയാൾക്ക് 20,000 ദിർഹം വീതവും നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. പക്ഷെ, പണം ലഭിച്ച ഉടനെ അയാൾ മുങ്ങി. ഷോപ്പിലെത്തിയ ജീവനക്കാരോട് ഒന്നുകിൽ പണമോ അല്ലെങ്കിൽ ഫോണോ വേണമെന്ന് ഷോപ്പുടമ ആവശ്യപ്പെട്ടെങ്കിലും വൈകിട്ടോടെ എത്തുമെന്നായിരുന്നു പ്രതികളുടെ മറുപടി.
സമയം ഏറെ പിന്നിട്ടിട്ടും ഫോണോ പണമോ ലഭിക്കാതെ വന്നതോടെ ജീവനക്കാരോട് പണം കൈമാറിയ സ്ഥലം കാണിക്കാൻ ഷോപ്പുടമ ആവശ്യപ്പെട്ടു. തുടർന്ന് അവിടെയെത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. ഇതോടെ താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ഇദ്ദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു. തെളിവുകൾ പരിശോധിച്ച കോടതി നഷ്ടപ്പെട്ട 146,000 ദിർഹം രണ്ട് പ്രതികളും ചേർന്ന് കടയുടമക്ക് നൽകാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.