ദുബൈ: വ്യോമ പാത താൽകാലികമായി അടച്ചത് മൂലം വിമാന സർവിസുകൾ തടസ്സപ്പെട്ടതിനാൽ യു.എ.ഇയിൽ കുടുങ്ങിയ യാത്രക്കാരുടെ മുഴുവൻ ചെലവുകളും വഹിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു. ട്രാൻസിറ്റ് യാത്രക്കാർക്ക് ഭക്ഷണവും താൽകാലിക താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏതാണ്ട് 20,000 യാത്രക്കാരെയാണ് വിവിധ എയർപോർട്ടുകൾ കൈകാര്യം ചെയ്തത്. സ്ഥിതിഗതികൾ വിലയിരുത്തി വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങളും ദേശീയ വിമാനക്കമ്പനികളും സംയോജിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജി.സി.എ.എ കൂട്ടിച്ചേർത്തു.
രാജ്യത്തെ വിമാനത്താവളങ്ങൾക്കിടയിൽ ചില വിമാനങ്ങളുടെ റൂട്ട് മാറ്റൽ, പുനഃക്രമീകരണ പ്രക്രിയകൾ ത്വരിതപ്പെടുത്തൽ, സാധ്യമായ തിരക്ക് പരിഹരിക്കുന്നതിന് പാസഞ്ചർ ടെർമിനലുകളിൽ ഓൺ-ഗ്രൗണ്ട് ഏകോപനം ശക്തിപ്പെടുത്തൽ എന്നിവ നടന്നുവരികയാണ്. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക മാർഗങ്ങളെ മാത്രം ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.