ആധുനിക ജീവിത രീതികള്‍ക്ക് എന്നും മുന്‍ഗണന നല്കിയ അജ്മാനിന്റെ തെരുവുകളില്‍ ഫുഡ് ട്രക്കുകളും സജീവമാകുന്നു. സാധാരണ റെസ്റ്റാറന്റിനേക്കാൾ കുറഞ്ഞ പ്രാരംഭ മൂലധനത്തിൽ ഒന്നിലധികം സ്ഥലങ്ങളിലേക്ക് മാറി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഫുഡ് ട്രക്കുകള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കാന്‍ കാരണം. പരമ്പരാഗത റസ്റ്റാറന്റിലേക്ക് പോകുന്നതിനു പകരം നിക്ഷേപകര്‍ ഫുഡ് ട്രക്കിലേക്ക് തിരിയുവാനുള്ള പ്രധാന കാരണവും ഇതാണ്.
നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തി ഫുഡ് ട്രുക്കുകള് അജ്മാനിലും സജീവമാവുകയാണ്. ഈ മേഖലയിലെ സംരംഭകര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന് അധികൃതരും മികച്ച പിന്തുണയാണ് നല്‍കുന്നത്. അജ്മാനില്‍ ഇത്തരം ഫുഡ് ട്രക്ക് ഭക്ഷണ ശാലകള്‍ക്ക് പത്തോളം കേന്ദ്രങ്ങള്‍ ഇതിനകം അനുവദിച്ചു കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫുഡ് ട്രക്കുകള്‍ക്ക് ധാരാളം ഉപഭോക്താക്കൾ ഉള്ള സ്ഥലങ്ങൾ ബുക്ക് ചെയ്യാൻ പുതിയ ആപ്പും ഒരുക്കിയിട്ടുണ്ട്. വിത്യസ്ത ഭക്ഷണ വിഭവങ്ങളാണ് ഈ ഫുഡ് ട്രക്കുകളില്‍ ഒരുങ്ങുന്നത്. അറബിക് ഭക്ഷണങ്ങള്‍ക്കാണ് പ്രമുഖ്യമെങ്കിലും ഇപ്പോള്‍ മറ്റു ഭക്ഷണങ്ങളും അധികമായി വരുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് വിത്യസ്തങ്ങളായ ഫുഡ് ട്രക്കുകളെ സമീപിക്കാന്‍ കഴിയും. അജ്മാന് അല്‍ സോറ, ഹമീദിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഫുഡ് ട്രക്കുകളുടെ പ്രത്യേക പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപയോഗിച്ച പഴയ വാഹനങ്ങളാണ് ഫുഡ് ട്രക്കുകള്‍ നിര്‍മ്മിക്കാന്‍ അധികമായി ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോള്‍ പ്രാദേശികമായ നിര്‍മ്മാണങ്ങളും വളരെയേറെ നടക്കുന്നുണ്ട്. ഫുഡ് ട്രക്കുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മലയാളികളും അജ്മാനില്‍ നിരവധിയാണ്. ആവശ്യമായ പ്രാഥമിക സൗകര്യങ്ങളോടും മികച്ച അടുക്കള സൗകര്യങ്ങളോടും കൂടിയാണ് ഈ ആധുനിക ഭക്ഷണ ശാലകള്‍ ഒരുക്കുന്നത്.
ഇത്തരം ട്രക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ പരിശോധനകളും സമയാസമയങ്ങളില്‍ നടക്കുന്നുണ്ട്. യാത്രക്കാരായ ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യമാണ് ഫുഡ് ട്രാക്ക് സംവിധാനം വഴി ലഭ്യമാകുന്നത്. പുതിയ സാധ്യതകള്‍ വിലയിരുത്തി നൂതനമായ ഈ ബിസിനസ് രംഗത്തേക്ക് മലയാളികളടക്കമുള്ളവര്‍ ചുവടുമാറ്റുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.