ദുബൈ: വിമാന ടിക്കറ്റ് നിരക്കിലെ കുറവ് കാരണം നിരവധി യു.എ.ഇ പ്രവാസികൾ വേനലവധി യാത്ര ഒമാൻ വഴിയാക്കുന്നു. സ്കൂൾ വേനലവധി ഒമാനിൽ ജൂണിലും യു.എ.ഇയിൽ ജൂലൈയിലുമാണ് ആരംഭിക്കുന്നത്. മധ്യ വേനലവധി സമയത്ത് വിമാനയാത്ര നിരക്കിൽ സാധാരണ വർധനയുണ്ടാവാറുണ്ട്. പക്ഷെ ഈ സീസണിൽ ഒമാനിൽനിന്നുള്ള നിരക്കിൽ വലിയ വർധന ഉണ്ടായിട്ടില്ല. നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞതാണ് കാരണമെന്നാണ് പറയപ്പെടുന്നത്. ദുബൈയിൽനിന്ന് കണ്ണൂരിലേക്ക് ജൂലൈ അഞ്ചിന് ഒരാൾക്ക് യാത്ര ചെയ്യാൻ 1300 ദിർഹം മുതലാണ് നിരക്ക്. എന്നാൽ, ഈ ദിവസം മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് 500 ദിർഹമിൽ താഴെ മാത്രമാണ് ഇപ്പോൾ കാണിക്കുന്ന ടിക്കറ്റ് നിരക്ക്. ദുബൈ-മസ്കത്ത് റൂട്ടിൽ 300 ദിർഹമിൽ താഴെയുമാണ് നിരക്ക്. വേനലവധി സീസൺ ഒമാനിൽ അവസാനിക്കുകയും യു.എ.ഇയിൽ ആരംഭിക്കുകയും ചെയ്യുന്നത് കൊണ്ടുള്ള വ്യത്യാസമാണിതെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
ഈ സാഹചര്യം കണക്കിലെടുത്ത് ഒമാൻ വഴി നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. മസ്കത്ത് വിമാനത്താവളം വഴി യാത്രചെയ്യാൻ യു.എ.ഇയിൽനിന്ന് ഒമാനിലേക്ക് ബസ് സർവിസും ഉപയോഗിക്കുന്നവരുണ്ട്. അജ്മാൻ, ഷാർജ, അബൂദബി, അൽഐൻ എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുന്ന മുവാസാലത്ത് ബസ് മസ്കത്ത് എയർപോർട്ടിൽ യാത്രക്കാരെ എത്തിക്കുന്നുണ്ട്. 100 ദിർഹമാണ് ബസ് ടിക്കറ്റ് ചാർജ്. എമിറേറ്റ്സ് ഐ.ഡി ഉള്ളവർക്ക് ഒമാനിലേക്കുള്ള പ്രവേശനം സൗജന്യമാണ്. യു.എ.ഇയിൽനിന്ന് പുറത്തുകടക്കുമ്പോൾ 35 ദിർഹം എക്സിറ്റ് ഫീ നൽകണമെന്ന് മാത്രം. ഇത്തിഹാദ് എയർലൈൻസ് അബൂദബിയിൽനിന്ന് ചുരുങ്ങിയ നിരക്കിൽ ഒമാനിലേക്ക് സർവിസ് നടത്തുന്നുമുണ്ട്.
ഒമാൻവഴി പോകുമ്പോൾ കുടുംബങ്ങൾക്ക് ചാർജിൽ വലിയ കുറവാണുണ്ടാകുന്നത്. യു.എ.ഇയിൽനിന്ന് ജൂലൈ ആദ്യവാരം കേരളത്തിലേക്ക് അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് യാത്രചെയ്യാൻ 8,000 ദിർഹമെങ്കിലും ടിക്കറ്റ് ചാർജായി വേണ്ടിവരും. എന്നാൽ, അതേദിവസങ്ങളിൽ ഒമാനിൽനിന്ന് കണ്ണൂരിലേക്ക് മസ്കത്ത് വഴിയാണെങ്കിൽ അഞ്ചുപേർക്ക് ഇതിന്റെ പകുതിയിലും കുറവ് മതിയാകും. ഈ വ്യത്യാസമാണ് യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് പോകുന്നവരെ ഒമാൻ വഴി യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.