അതിശക്ത മഴക്ക്​ കാരണം ചുഴലിക്കാറ്റല്ല, ന്യൂനമർദം

ദുബൈ: രാജ്യത്ത്​ തുടരുന്ന കാലാവസ്ഥ മാറ്റത്തിന്​ കാരണം ചുഴലിക്കാറ്റല്ലെന്ന്​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) സ്ഥിരീകരിച്ചു. അസ്ഥിര കാലാവസ്ഥയുടെ അവസാന ഘട്ടത്തിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ശക്​തമായ മഴ തുടരാൻ കാരണം ചുഴലിക്കാറ്റാണെന്ന തരത്തിൽ പ്രചാരണം വ്യാപകമായതോടെയാണ്​ എൻ.സി.എമ്മിന്‍റെ വിശദീകരണം.

നിലവിലെ മഴയെ ചുഴലിക്കാറ്റ്​ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്​ ശാസ്ത്രീയമായി തെറ്റാണെന്ന്​ എൻ.സി.എമ്മിന്‍റെ കാലാവസ്ഥ വിദഗ്​ധൻ ഡോ. അഹമ്മദ്​ ഹബീബ്​ മാധ്യമങ്ങളോട്​ പറഞ്ഞു. ചുഴലിക്കാറ്റിന്​ കൃത്യമായ നിർവചിക്കപ്പെട്ട ചില സവിശേഷതകളുണ്ട്​. പ്രത്യേകിച്ച്​ വലിയ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളെ ബാധിക്കുന്ന ശക്തമായ കാറ്റിനും കാര്യമായ നാശത്തിനും കാരണമാകുന്നതാണ്​ ചുഴലിക്കാറ്റുകൾ.

എന്നാൽ, യു.എ.ഇയിൽ അനുഭവപ്പെടുന്നത്​ നേർ വിപരീതമാണ്​. മഴ മേഘങ്ങളുടെ രൂപവത്​കരണത്തിന്​ കാരമായ ന്യൂനമർദമാണ്​ യു.എ.ഇയിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വടക്ക്-പടിഞ്ഞാറ് നിന്ന് യു.എ.ഇയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദത്തിന്‍റെ ഫലമായാണ് നിലവിലെ സാഹചര്യങ്ങൾ ഉണ്ടായത്​.

വലിയ അളവിൽ ഈർപ്പം വഹിച്ചുകൊണ്ടാണ്​ ഇതിന്‍റെ നീക്കം. അതിശക്​തമായ മഴക്കും ചിലയിടങ്ങളിൽ ശക്​തമായ കാറ്റിനും​ കാരണമാകുന്ന മഴ മേഘങ്ങളുടെ വികസനത്തിലേക്ക്​​ നയിച്ചത്​ ഇതാണെന്നും ഹബീബ്​ വ്യക്​തമാക്കി. കാറ്റിന്‍റെ സ്വഭാവം പരിശോധിക്കുമ്പോൾ ചുഴലിക്കാറ്റിൽ നിന്ന്​ വിത്യസ്തമാണെന്ന്​ മനസിലാകും.

ചുഴലിക്കാറ്റ്​ വ്യാപകമായ രീതിയിൽ അതി ശക്​തമായാണ്​ വീശാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ന്യൂന മർദത്തിന്‍റെ ശക്​തി ക്രമേണ കുറഞ്ഞുവരികയാണെന്ന്​ എൻ.സി.എം അറിയിച്ചു.

എങ്കിലും ദ്വീപുകളിലും ചില വടക്കൻ മേഖലകളിലും ഇടക്കിടെയുള്ള നേരിയതും മിതമായതുമായ മഴ തുടരും. നാളെ രാവിലെയോടെ അൽ ദഫ്​റ, അബൂദബി ​ഭാഗങ്ങളിലേക്ക്​ നീങ്ങും മുമ്പ്​ വടക്കൻ മേഖലകളിൽ ശക്​തമായ മഴ അനുഭവപ്പെടും. പകൽ അൽഐൻ, കിഴക്കൻ മേഖലകളിൽ ശക്​തമായ മഴയും ഇടിയുമുണ്ടാകുമെന്നും ചെറിയ രീതിയിൽ ആലിപ്പഴ വർഷവും പ്രതീക്ഷിക്കാമെന്നും എൻ.സി.എം വ്യക്​തമാക്കി. 

Tags:    
News Summary - The reason for the heavy rain is not a cyclone, but a low pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.