പ്രതീകാത്​മക ചിത്രം.. KHDA

2026-27 അക്കാദമിക് വർഷത്തിൽ ദുബൈ സ്കൂളുകളിൽ പുതിയ പ്രായപരിധി നിയമങ്ങൾ

ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ പ്രീ-കെ.ജി മുതൽ ഗ്രേഡ് 1 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അറിഞ്ഞിരിക്കേണ്ട പുതിയ പ്രായപരിധി മാനദണ്ഡങ്ങൾ ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ) പുറപ്പെടുവിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പൊതു നിയമങ്ങൾക്ക് വിധേയമായാണ് കെ.എച്ച്.ഡി.എ പുതിയ പ്രവേശന പ്രായം തീരുമാനിച്ചിരിക്കുന്നത്. അക്കാദമിക് വർഷം സെപ്റ്റംബറിൽ ആരംഭിക്കുന്ന സ്കൂളുകൾക്ക് ഡിസംബർ 31ഉം, ഏപ്രിലിൽ ആരംഭിക്കുന്ന സ്കൂളുകൾക്ക് മാർച്ച് 31ഉം ആണ് പ്രായപരിധി കണക്കാക്കുന്ന തീയതികൾ.

2026-27 അക്കാദമിക് വർഷത്തിൽ പുതുതായി ദുബൈ കെ.എച്ച്.ഡി.എ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കാണ് ഈ മാറ്റങ്ങൾ ബാധകം. സെപ്റ്റംബർ സെഷൻ സ്കൂളുകളിൽ പ്രവേശനം നേടാൻ ഡിസംബർ 31നകം പ്രീ-കെ.ജി/എഫ്.എസ്.1-ന് മൂന്ന് വയസ്സും, കെ.ജി.1/എഫ്.എസ്.2-ന് നാല് വയസ്സും, കെ.ജി.2/ഇയർ 1-ന് അഞ്ച് വയസ്സും, ഗ്രേഡ് 1/ഇയർ 2-ന് ആറ് വയസ്സും തികഞ്ഞിരിക്കണം. നിലവിൽ ദുബൈയിലെ സ്കൂളുകളിലോ നഴ്സറികളിലോ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും സ്കൂളുകൾ തമ്മിൽ മാറുന്നവർക്കും ഈ നിയമം ബാധകമല്ല.

വിദ്യാഭ്യാസ രംഗത്ത് പ്രത്യേക ഇളവായി 2022 സെപ്റ്റംബർ ഒന്നിനും ഡിസംബർ 31നും ഇടയിൽ ജനിച്ച, ഇതുവരെ സ്കൂളിൽ ചേരാത്ത കുട്ടികൾക്ക് 2026-27 വർഷത്തിൽ സ്കൂളിന്‍റെ അസസ്​മെന്‍റ്​ അനുസരിച്ച് എഫ്.എസ്1 അല്ലെങ്കിൽ എഫ്.എസ്2 ക്ലാസുകളിൽ പ്രവേശനം തെരഞ്ഞെടുക്കാൻ അവസരമുണ്ട്. എന്നാൽ, യു.കെ കരികുലം സ്കൂളുകളിൽ എഫ്.എസ്1 പ്രവേശനത്തിന് നൽകുന്ന നിശ്ചിത ഇളവുകളൊഴിച്ചാൽ, പ്രവേശിപ്പിക്കപ്പെടുന്ന മറ്റു കുട്ടികൾക്ക് പിൽക്കാലത്ത് ക്ലാസുകൾ മുന്നോട്ടോ പിന്നോട്ടോ മാറ്റാൻ സാധിക്കില്ല.

വിദേശത്തുനിന്ന് ദുബൈയിലേക്ക് എത്തുന്ന കുട്ടികൾക്ക് പ്രീ-കെ.ജി മുതൽ കെ.ജി.2 വരെയുള്ള പ്രവേശനത്തിന് മുമ്പത്തെ പഠനമല്ല, പ്രായമാണ് പ്രധാന മാനദണ്ഡം. അതേസമയം, ഗ്രേഡ് 1-ഓ അതിനു മുകളിലോ പഠിക്കാൻ എത്തുന്നവർക്ക് മുൻ സ്കൂളിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും. കുട്ടിയുടെ മുമ്പത്തെ ഗ്രേഡ്, യു.എ.ഇ പ്രായപരിധിയേക്കാൾ വ്യത്യസ്തമാണെങ്കിൽ സ്കൂളുകൾ കെ.എച്ച്.ഡി.എയെ വിവരമറിയിക്കേണ്ടതുണ്ട്.

പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കോ അല്ലെങ്കിൽ പ്രായത്തിലും ഉയർന്ന ക്ലാസുകളിൽ പഠിക്കാൻ തക്ക മിടുക്ക് കാണിക്കുന്ന കുട്ടികൾക്കോ പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകൾ അനുവദിക്കാൻ കെ.എച്ച്.ഡി.എക്ക് അധികാരമുണ്ട്. രക്ഷിതാക്കളുടെയും സ്കൂളിന്‍റെയും അപേക്ഷയും കുട്ടിയുടെ പഠന-വികസന റിപ്പോർട്ടുകളും പരിശോധിച്ച ശേഷമായിരിക്കും കെ.എച്ച്.ഡി.എ ഇത്തരത്തിലുള്ള പ്രത്യേക പ്രവേശനത്തിന് അനുമതി നൽകുക.

Tags:    
News Summary - New Age Cut-Off Rules for Dubai Schools in 2026–27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.