ദുബൈ പൊലീസിന്​ അന്താരാഷ്ട്ര ബാലസംരക്ഷണ അംഗീകാരം

ദുബൈ: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ഇന്‍റർനാഷനൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ചൈൽഡ് അബ്യൂസ് ആൻഡ് നെഗ്ലെക്റ്റിന്‍റെ (ഐ.എസ്​.പി.സി.എ.എൻ) അംഗീകാരം നേടുന്ന ആദ്യ പൊലീസ് സ്ഥാപനമായി ദുബൈ പൊലീസ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ദുബൈ പൊലീസിന്‍റെ ജനറൽ ഡിപാർട്​മെന്‍റ്​ ഓഫ് ഹ്യൂമൻ റൈറ്റ്‌സിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.

കുട്ടികൾക്ക് സുരക്ഷിതവും സമഗ്രവുമായ സംരക്ഷണം നൽകുന്നതിനായി ദുബൈ പൊലീസ് സജ്ജമാക്കിയ ‘ചൈൽഡ് ഒയാസിസ്’ എന്ന മൾട്ടിഡിസിപ്ലിനറി കേന്ദ്രത്തിന്‍റെ സേവനങ്ങളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. പീഡനങ്ങൾക്കോ പ്രയാസങ്ങൾക്കോ ഇരയാകുന്ന കുട്ടികൾക്ക് മാനസിക സമ്മർദമില്ലാതെ മൊഴി നൽകാനും ആവശ്യമായ നിയമ-സാമൂഹിക-മാനസിക പിന്തുണ ലഭ്യമാക്കാനും കേന്ദ്രം സഹായിക്കുന്നു.

2026 ‘കുടുംബ വർഷമായി’ യു.എ.ഇ ആചരിക്കുന്ന വേളയിൽ ലഭിച്ച ഈ നേട്ടം രാജ്യത്തിന് വലിയ അഭിമാനമാണെന്ന് ദുബൈ പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. രാജ്യത്തിന്‍റെ നിയമനിർമാണങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണ്​. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്​. ജനറൽ ശൈഖ്​ സെയ്ഫ് ബിൻ സായിദ് ആൽ നഹ്​യാന്‍റെ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1977ൽ സ്ഥാപിതമായ ഐ.എസ്​.പി.സി.എ.എനിന്‍റെ അംഗീകാരം ദുബൈ പൊലീസിന്‍റെ പ്രവർത്തനങ്ങൾക്കുള്ള ആഗോള വിശ്വാസ്യതയുടെ സാക്ഷ്യമാണ്. ഈ നേട്ടത്തിലൂടെ ബാലസംരക്ഷണ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി മികച്ച മാതൃകകൾ പങ്കുവെക്കാനും പുതിയ ഗവേഷണങ്ങളും പരിശീലനങ്ങളും വഴി കുട്ടികൾക്കായുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ദുബൈ പൊലീസിന് സാധിക്കും.

Tags:    
News Summary - Dubai Police Receives International Child Protection Recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.