ദുബൈ: ട്രാഫിക് ബോധവൽക്കരണ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. അസീസി ഡെവലപ്മെന്റ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ മൂന്നുലക്ഷം ദിർഹമിന്‍റെ സമ്മാനങ്ങൾ നൽകും. റോഡ് സുരക്ഷയെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളിലൂടെ സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്‍റെ പ്രധാന ലക്ഷ്യം.
വ്യക്തികൾ, സർവകലാശാല വിദ്യാർഥികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്ക് ഈ മത്സരത്തിൽ പങ്കാളികളാകാം. ആഗസ്റ്റ് 24 മുതൽ നവംബർ 22 വരെ ആർ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.rta.ae/roadsafetyfilmfestival) വഴി അപേക്ഷകൾ സമർപ്പിക്കാം. 100ലധികം എൻട്രികൾ ലഭിച്ച ഒന്നാം പതിപ്പിന്‍റെ വൻ വിജയത്തിന് ശേഷമാണ് കൂടുതൽ പങ്കാളിത്തവും വ്യത്യസ്തമായ പ്രമേയങ്ങളും ഉൾപ്പെടുത്തി പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
വ്യക്തികളും വിദ്യാർഥികളും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, കമ്യൂണിറ്റി എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഇതിൽ ആദ്യത്തെയും മൂന്നാമത്തെയും വിഭാഗങ്ങളിലെ ആദ്യ മൂന്നുസ്ഥാനക്കാർക്ക് യഥാക്രമം 30,000 ദിർഹം, 20,000 ദിർഹം, 10,000 ദിർഹം എന്നിങ്ങനെ ആകെ 2,40,000 ദിർഹത്തിന്‍റെ കാഷ് അവാർഡുകൾ നൽകും. സ്ഥാപനങ്ങൾക്കായുള്ള രണ്ടാം വിഭാഗത്തിലെ വിജയികൾക്ക് ട്രോഫികളാണ് സമ്മാനിക്കുക. ‘കുടുംബ വർഷം’ പ്രമാണിച്ചുള്ള പ്രത്യേക ചിത്രങ്ങൾക്കും വാഹനാപകടങ്ങളിൽപ്പെട്ടവരുടെ അനുഭവങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾക്കും മത്സരത്തിൽ മുൻഗണനയുണ്ട്.
റോഡപകടങ്ങളും മരണങ്ങളും പൂർണമായി ഇല്ലാതാക്കുക എന്ന ആഗോള സുരക്ഷാ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ആർ.ടി.എ ഈ പദ്ധതി നടപ്പാക്കുന്നത്. വിജയിക്കുന്ന ചിത്രങ്ങൾ സ്കൂളുകളിലെ ബോധവൽക്കരണ പരിപാടികളിലും വർക്ക്ഷോപ്പുകളിലും ആർ.ടി.എയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കും. സുരക്ഷിതമായ യാത്രാസംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ വാഹനാപകടങ്ങളും ഗുരുതര പരിക്കുകളും കുറക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.