റാസല്‍ഖൈമയിലെ ഫാനൂസ് റൗണ്ടെബൗട്ട്
റാക് ഫാനൂസ് റൗണ്ടെബൗട്ട്, റാസല്‍ഖൈമയിലെ വിവിധയിടങ്ങളിലേക്കുള്ള വഴിയടയാളമാണ്. പുരോഗതിയിലേക്കുള്ള ഓരോ ചുവടിലും പൂര്‍വികരെ നെഞ്ചകം ചേര്‍ക്കുന്ന യു.എ.ഇ അധികൃതരുടെ നടപടിയാണ് ഈ റാന്തല്‍ വിളക്ക് ചത്വരം. വാണിജ്യ ചരക്ക് നീക്കങ്ങള്‍ക്ക് മരുഭൂമിയില്‍ കൂടുതലായി കഴുതകളെ ആശ്രയിച്ചിരുന്ന കാലം. വൈദ്യുതി ഇല്ലാതിരുന്ന നാളുകള്‍. ജീവിതായോധനത്തിന് മുത്തു വാരലും മല്‍സ്യബന്ധനവും കാര്‍ഷിക വൃത്തിയും. മരുഭൂ ഊഷരതയില്‍ ഗാഫ് വൃക്ഷവും ഒട്ടകവും മാത്രം പൂര്‍വികരുടെ കൂട്ട്. വഴി വെളിച്ചത്തിന് ഫാനൂസ്. കേരളത്തില്‍ ചിലയിടങ്ങളില്‍ പാനീസ് വിളക്ക് എന്നറിയപ്പെടുന്ന റാന്തല്‍ വിളക്ക് അറബ് നാടുകളില്‍ ഗതകാല സ്മരണകളുടെ അഴകുള്ള ഓര്‍മയാണ്.
സഖര്‍, റാക് ആശുപത്രികള്‍, അല്‍ നഖീല്‍ പട്ടണം, ജബല്‍ ജെയ്സ്, ഖുസാം, കറാന് തുടങ്ങിയിടങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നയിടമാണ് റാക് ഫാനൂസ് റൗണ്ടെബൗട്ട്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റാന്തല്‍ സന്ധ്യ മയങ്ങിയാല്‍ മനോഹര വര്ണങ്ങളാല് പ്രകാശപൂരിതമാകും.
വൃക്ഷ ഇലകള്‍ കത്തിച്ച രാത്രികാല വഴി വെളിച്ചത്തില്‍ നിന്ന് ലോക പുരോഗതിയുടെ പുതു ഘട്ടത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു ഈ വിളക്കുകളുടെ വരവ്. കാറ്റിലും അണയാതിരിക്കുന്ന രീതിയില്‍ കണ്ണാടിക്കൂടിലായിരുന്നു ഫാനൂസിന്െറ നിര്‍മാണം. കാട്ടു പ്രദേശങ്ങളില്‍ വന്‍ മൃഗങ്ങളെ അകറ്റുന്നതിനും ഇവ ഉപയോഗിച്ചിരുന്നു. ലോകം പൂര്‍വികരുടെ ജീവിത രീതികളെയും അവര്‍ ഉപയോഗിച്ച വസ്തുവകകളെയെല്ലാം വിസ്മൃതിയില്‍ തള്ളുമ്പോള്‍, പ്രാചീന സംസ്കൃതികളെയും പൂര്‍വികരുടെ തീഷ്ണമായ ജീവിത രീതികളെയും മധുരിക്കുന്ന ഓര്‍മകളായി സൂക്ഷിക്കുകയാണ് അറബ് ഐക്യ നാടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.