ദുബൈ: ലോകത്തെ ഏറ്റവും വിശ്വസനീയ സർക്കാർ എന്ന പദവി യു.എ.ഇക്ക്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ‘എഡൽമാൻ’ സ്ഥാപനം പ്രസിദ്ധീകരിച്ച എഡൽമാൻ ട്രസ്റ്റ് സൂചിക 2026ൽ ആഗോളതലത്തിൽ യു.എ.ഇ ഒന്നാം സ്ഥാനത്തെത്തിയതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപിച്ചത്.
വിശ്വാസം ഒറ്റ രാത്രികൊണ്ട് കെട്ടിപ്പടുക്കുന്നതല്ലെന്നും മറിച്ച് വിശ്വാസ്യത, വാഗ്ദാനങ്ങൾ പാലിക്കൽ, നേട്ടത്തിന്റെ നിയമസാധുത, നിയമങ്ങളുടെ സമഗ്രത, ജനങ്ങളോടുള്ള ബഹുമാനം എന്നിവയിലൂടെ വർഷങ്ങളുടെ പരിശ്രമത്തിലൂടെ നേടിയെടുത്തതാണെന്നും ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടിൽ കുറിച്ചു. ഒരിക്കൽ സ്ഥാപിക്കപ്പെട്ടാൽ, വിശ്വാസം സാമൂഹിക ഐക്യത്തെ ശക്തിപ്പെടുത്തുകയും വേഗത്തിലുള്ള പുരോഗതി സാധ്യമാക്കുകയും ചെയ്യുന്ന ഒരു ദേശീയ മൂലധനമായി മാറും -അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി രാജ്യങ്ങളിൽ നടത്തിയ വലിയ തോതിലുള്ള സർവേകൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പൊതുജനവിശ്വാസത്തിന്റെ കാര്യത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന വിലയിരുത്തലുകളിൽ ഒന്നായാണ് എഡൽമാൻ ട്രസ്റ്റ് സൂചിക കണക്കാക്കപ്പെടുന്നത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സ്ഥാപനങ്ങളുടെ കഴിവ്, ധാർമികത, വിശ്വാസ്യത എന്നിവയെക്കുറിച്ച് ആളുകൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് വിലയിരുത്തിയാണത് തയ്യാറാക്കുന്നത്. സ്ഥാപനങ്ങളുടെ പരിഷ്കരണം, ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങൾ, നിയമങ്ങളിലെ വ്യക്തത, ദീർഘകാല ദേശീയ ആസൂത്രണം എന്നിവയിലെ വർഷങ്ങളുടെ നിക്ഷേപത്തെ യു.എ.ഇയുടെ പ്രകടനം പ്രതിഫലിപ്പിക്കുന്നുവെന്ന് നിരീക്ഷകർ പറയുന്നു. ഗവൺമെന്റ്, ബിസിനസ്, മാധ്യമങ്ങൾ, സർക്കാറിതര സംഘടനകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലെല്ലാം വിശ്വാസ്യത അളക്കുന്ന വാർഷിക റിപ്പോർട്ടാണ് എഡൽമാൻ ട്രസ്റ്റ് സൂചിക. ഭരണം, ജീവിത നിലവാരം, മത്സരശേഷി, ഭാവി സന്നദ്ധത എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ നിരവധി ആഗോള റാങ്കിങ്ങുകളിൽ യു.എ.ഇ ഉന്നത സ്ഥാനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.