ദുബൈ: റമദാനിൽ ഭിക്ഷാടനെത്തിരെ ദുബൈ പൊലീസ് നടത്തുന്ന നടപടികൾ ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം ദുബൈയിൽ 13 അംഗ ഭിക്ഷാടന സംഘത്തെ പൊലീസ് പിടികൂടി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് വിദേശത്ത് നിന്നുള്ള സംഘത്തലവനാണെന്ന് പൊലീസ് കണ്ടെത്തി. ജനങ്ങളെ ചൂഷണം ചെയ്യുന്നതിനായി വിത്യസ്ത രീതികളാണ് സംഘം പ്രയോഗിച്ചിരുന്നത്. സംഘർഷ സാഹചര്യത്തിൽ രാജ്യത്ത് കുടുങ്ങിപ്പോയതാണെന്ന രീതിയിലാണ് ചിലർ സഹായം അഭ്യർഥിക്കുന്നത്. റമദാനിൽ പള്ളികളുടെ പരിസരം, പ്രധാന തെരുവുകൾ, ആശുപത്രി പരിസരം തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഭിക്ഷാടകർ പ്രവർത്തിക്കുന്നത്.
ഇത്തരക്കാരുടെ വഞ്ചനയിൽ കുടുങ്ങി ഭിക്ഷ നൽകരുതെന്ന് ബ്രിഗേഡിയർ അലി സലിം അൽ ശംസി മുന്നറിയിപ്പു നൽകി. ‘യാചന രഹിതമായ, ബോധമുള്ള ഒരു സമൂഹം’ എന്ന ശീർഷകത്തിൽ ഭിക്ഷാടനത്തിരെ നടത്തുന്ന വാർഷിക ക്യാമ്പയ്നിന്റെ ഭാഗമായാണ് എമിറേറ്റിലുടനീളം കർശന പരിശോധന തുടരുന്നത്. റമാൻ അവസാനിക്കും വരെ പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക പൊലീസ് സ്റ്റേഷനുകൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ്, ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റ് (ഔഖാഫ്) തുടങ്ങിയവരുമായി സഹകരിച്ച് നടത്തുന്ന പരിശോധനയിലൂടെ ഭിക്ഷാടനം വലിയ രീതിയിൽ കുറക്കാൻ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. എമിറേറ്റിന്‍റെ പരിഷ്കൃത മുഖം വികൃതമാക്കുന്ന ഭിക്ഷാടനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ദാനങ്ങളും സംഭാവനകളും ഔദ്യോഗിക മാർഗങ്ങളിലൂടെയും അംഗീകൃത സംഘടനകളിലൂടെയും മാത്രം നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചു. സംശയകരമായ രീതിയിൽ പണം പിരിക്കുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന ടോൾ ഫ്രീ നമ്പറിലോ ദുബൈ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷനിലെ ‘ദുബൈ ഐ’ സർവിസിലോ റിപോർട്ട് ചെയ്യാം.
photo: Beggers
cap: ദുബൈ പൊലീസ് പിടികൂടിയ ഭിക്ഷാടകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.