ദുബൈ: മേഖലയിലെ സംഘർഷം തുടരുന്നതിനിടെ പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് സെക്ടറുകളിൽ കൂടുതൽ സർവിസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ വിമാന കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ കമ്പനികളാണ് അധിക സർവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ, അബൂദബി, റാസൽഖൈമ, ഷാർജ എന്നിവ ഉൾപ്പെടെ പശ്ചിമേഷ്യയിലെ എട്ട് സ്ഥലങ്ങളിൽ നിന്നാണ് സർവിസ്. ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള യാത്രക്കാർക്കായി കണക്ടിവിറ്റി ഉറപ്പുവരുത്തി ആയിരിക്കും സർവിസ് നടത്തുക. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കായിരിക്കും ഈ വിമാനങ്ങളിൽ മുൻഗണന ലഭിക്കുകയെന്ന് കമ്പനികൾ അറിയിച്ചു.
അതേസമയം, ഷെഡ്യൂൾ പ്രകാരമുള്ള സാധാരണ സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. നിലവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് സാഹചര്യങ്ങൾക്ക് അനുസരിച്ച് സൗജന്യമായി റീ ബുക്ക് ചെയ്യാനുള്ള അവസരവും വിമാന കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിദ്ദ, മസ്കത്ത് വിമാനത്താവളങ്ങളിലേക്ക് ഷെഡ്യൂൾഡ് സർവിസുകൾ തുടരുന്നതായും കമ്പനികൾ അറിയിച്ചു. സുരക്ഷിതമായ ബദൽ റൂട്ടുകൾ വഴി യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ പ്രവർത്തിക്കുന്നുണ്ട്.
ടിക്കറ്റുകൾ ബുക്ക് ചെയ്തവർ യഥാസമയം വിമാന കമ്പനികളുടെ ഔദ്യോഗിക വെബ്സെറ്റുകൾ പരിശോധിച്ച് യാത്ര സമയം ഉറപ്പുവരുത്തണം. യാത്ര ഉറപ്പുവരുത്തിയ ശേഷം മാത്രമേ എയർപോർട്ടുകളിലേക്ക് പുറപ്പെടാവൂ. നിലവിലെ സാഹചര്യത്തിൽ ഏത് സമയത്തും യാത്ര ഷെഡ്യൂളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് കമ്പനികൾ വ്യക്തമാക്കി. എട്ടാം തീയതി മുതൽ ഡൽഹി-മുംബൈ-ജിദ്ദ ഷെഡ്യൂൾ സർവിസാണ് എയർ ഇന്ത്യ നടത്തുന്നത്. മസ്കത്തിൽ നിന്ന് ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, കണ്ണൂർ എന്നിവിടങ്ങളിലേക്കും ജിദ്ദയിൽ നിന്ന് ബംഗളൂരു, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കുമാണ് എയർ ഇന്ത്യൻ എക്സ്പ്രസ് സർവിസ്. ഡൽഹി, മുംബൈ നഗരങ്ങളിൽ നിന്ന് ദുബൈയിലേക്കാണ് എയർ ഇന്ത്യൻ എക്സ്പ്രസ് നോൺ ഷെഡ്യൂൾ സർവിസുകൾ. കൂടാതെ യു.എ.ഇ നഗരങ്ങളായ അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളുമായി ബന്ധിപ്പിച്ച് 30 സർവിസുകളും നടത്തും. അതേസമയം, ബഹ്റൈൻ, ദമാം, ദോഹ, കുവൈത്ത്, റിയാദ് എയർ ഇന്ത്യ സർവിസുകൾ മാർച്ച് 13 വരെ റദ്ദാക്കിയിരിക്കുകയാണ്. എയർ ഇന്ത്യയുടെ ദമ്മാം, ദോഹ, റിയാദ് സർവിസുകൾ മാർച്ച് 10 വരെയും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.