ദുബൈ: നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ അനാവശ്യമായി സംഭരിക്കേണ്ടതില്ലെന്നും വിപണിയിൽ ന്യായമായ വിലയിൽ എല്ലാ സാധാനങ്ങളും വലിയ രീതിയിൽ ലഭ്യമാണെന്നും സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി വ്യക്തമാക്കി.
ദുബൈ അൽ അവീർ പഴം പച്ചക്കറി വിപണി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിതരണ ശൃംഖല സുസ്ഥിരവും ലോകമെമ്പാടുമുള്ള ഉൽപന്നങ്ങളാൽ സമ്പന്നവുമാണ്.
ഉപഭോക്താക്കളുടെ പ്രധാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ രീതിയിൽ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് സാധനങ്ങൾ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷ്യ ഉത്പന്നങ്ങൾ അമിതമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം. ആവശ്യമായത് മാത്രം വാങ്ങുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാജ്യത്തെ വിപണികളെല്ലാം പഴങ്ങളും പചക്കറികളും കൊണ്ട് സമൃദ്ധമാണ്. അന്താരാഷ്ട്ര വിതരണക്കാരിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ തുടർച്ചയായി രാജ്യത്ത് എത്തിയതോടെ ചില ഉത്പന്നങ്ങൾക്ക് കാര്യമായ വിലക്കുറവും പ്രകടമാണ്. അവീർ മാർക്കറ്റിലെ പുതിയ ഭക്ഷ്യ ഷിപ്പ്മെന്റുകൾ പരിശോധിച്ച മന്ത്രി വ്യാപാരികളുമായി സംസാരിക്കുകയും ചെയ്തു.
വരും ദിവസങ്ങളിൽ കൂടുതൽ അവശ്യ ഭക്ഷ്യ ഉത്പന്നങ്ങൾ ലോകത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികൾ അറിയിച്ചതായി മന്ത്രി പറഞ്ഞു. വർദ്ധിച്ച വിതരണം വിപണി ലഭ്യതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വിലയിലെ തുടർച്ചയായ ഇടിവ് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും വ്യാപാരികൾ പറഞ്ഞു.
ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഉപഭോക്തൃ വസ്തുക്കളുടെയും ശക്തമായ ലഭ്യതയാണ് മൊത്തത്തിലുള്ള വിപണി സാഹചര്യം പ്രതിഫലിപ്പിക്കുന്നത്. യു.എ.ഇയിൽ അവശ്യസാധനങ്ങൾക്ക് ഒരു ക്ഷാമവുമില്ല.
ഉപഭോക്താക്കൾ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികളെ നേരിടാനും രാജ്യത്തുടനീളം ഭക്ഷ്യവസ്തുക്കളുടെ ലഭ്യത സുഗകമെന്ന് ഉറപ്പുവരുത്തുന്നതിനുമായി വിപണികളുടെ സ്ഥിതിഗതികളും ഉപഭോക്താക്കളിൽ നിന്നുള്ള അഭിപ്രായങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.