അജ്മാൻ വാടക തർക്ക കേന്ദ്ര ഫീസ്: പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

അജ്മാന്‍ : എമിറേറ്റിലെ വാടക തർക്ക പരിഹാര കേന്ദ്രത്തിലെ കേസുകൾക്കും അപേക്ഷകൾക്കും ഈടാക്കുന്ന ഫീസുകൾ സംബന്ധിച്ച്​ പുതിയ ഉത്തരവ്​ പുറപ്പെടുവിച്ചു. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ പ്രസിഡന്‍റുമായ ശൈഖ് അമാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് പുതിയ ഉത്തരവ്​ പുറപ്പെടുവിച്ചത്​. ഇതനുസരിച്ച്​ വാടക തർക്ക പരിഹാര കേന്ദ്രത്തിൽ കേസുകളും അപേക്ഷകളും രജിസ്റ്റർ ചെയ്യുന്നതിനും രേഖപ്പെടുത്തുന്നതിനും നിശ്ചിത ഫീസ്​ ഈടാക്കും. തർക്കമുള്ള ഉത്തരവുകൾ പ്രൈമറി റെന്‍റൽ കമ്മിറ്റിയുടെ അധികാര പരിധിയിൽ വരുന്നതാണെങ്കിൽ അപ്പീൽ നൽകുന്നതിന്​ 1000 ദിർഹം ഡെപ്പോസിറ്റായി നൽകണം. പൊതു ക്രമവുമായി ബന്ധപ്പെട്ട അധികാരപരിധി നിയമങ്ങളുടെ ലംഘനം, വിധിന്യായത്തിലോ തീരുമാനത്തിലോ ഉള്ള സാധുതയില്ലായ്മ, വിധിയെ ബാധിക്കുന്ന നടപടിക്രമപരമായ അസാധുത്വം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കണം അപ്പീൽ.

സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചതിന്‍റെ തെളിവ് പരാതിക്കൊപ്പം ചേർക്കാത്ത പക്ഷം അപേക്ഷ കേസ് മാനേജ്മെന്‍റ്​ ഓഫീസ് സ്വീകരിക്കില്ല. അപ്പീൽ അനുവദനീയമല്ലെന്ന് കോടതി വിധിച്ചാൽ ഈ തുക പിടിച്ചെടുക്കപ്പെടും. പുനഃപരിശോധന അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഡെപ്പോസിറ്റ് തുക 2,000 ദിർഹം ആയി നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷ അംഗീകരിച്ചാൽ ഈ തുക തിരികെ ലഭിക്കും. എന്നാൽ അപേക്ഷ അംഗീകരിക്കപ്പെടാതെ നിരസിക്കപ്പെടുകയോ അനുവദനീയമല്ലെന്ന് വിധിക്കപ്പെടുകയോ ചെയ്താൽ തുക തിരികെ ലഭിക്കില്ല. കൂടാതെ ഈ ഉത്തരവ് വാടക സംബന്ധമായ ലംഘനങ്ങൾക്കുള്ള പിഴ ഈടാക്കുന്നതിനുള്ള നടപടിക്രമവും വ്യക്തമാക്കുന്നുണ്ട്. വാടക ലംഘനങ്ങൾക്കുള്ളപിഴകൾ ഈടാക്കാനുള്ള അധികാരം വാടക തർക്ക പരിഹാര കേന്ദ്രത്തിനാണ്.

Tags:    
News Summary - Ajman Rent Dispute Center Fees: New Order Issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.