‘എഡ്ജ്​ ഓഫ്​ ​ലൈഫ്’ കാമ്പയിൻ; നമ്പർ​​പ്ലേറ്റ്​ ലേലം നേടിയത്​ 9.14 കോടി

ദുബൈ: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദുരിതത്തിലായ ലോകമെമ്പാടുമുള്ള അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സഹായമെത്തിക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച ‘എഡ്ജ്​ ഓഫ്​ ​ലൈഫ്’ കാമ്പയിന്​ നമ്പർ​​പ്ലേറ്റ്​ ലേലം വഴി 9.14കോടി ദിർഹം സമാഹരിച്ചു. ദുബൈ ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ കാമ്പയിനിന്‍റെ ഭാഗമായ ഫണ്ട്​ സമാഹരണ സുഹൂർ പരിപാടിയിലാണ്​​ ‘മോസ്റ്റ് നോബിൾ നമ്പർ’ ചാരിറ്റി ലേലം നടന്നത്​. ഓക്ഷനിൽ 29 പ്രത്യേക റജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകളും മൊബൈൽ നമ്പറുകളുമാണ്​ ലേലത്തിന്​ വെച്ചത്​. ആർ.ടി.എയുടെ നമ്പർ പ്ലേറ്റുകൾ 8.15 കോടി ദിർഹം, ഇ-ആൻഡ്​ പ്രീമിയം നമ്പറുകൾ 19ലക്ഷം ദിർഹം, ‘ഡു’ നമ്പറുകൾ 80ലക്ഷം ദിർഹം എന്നിങ്ങനെയാണ്​ സമാഹരിച്ചത്​. ഏറ്റവും കൂടുതൽ വില ലഭിച്ചത്​ ഡി.ഡി 6 എന്ന നമ്പർ പ്ലേറ്റിനാണ്​. 3.7കോടി ദിർഹമിനാണ്​ ഈ നമ്പർ ലേലത്തിന്​ പോയത്​​.

ഡി.ഡി 16 എന്ന നമ്പർ 90ലക്ഷവും ഡി.ഡി 25 എന്നത്​ 64ലക്ഷവും സമാഹരിച്ചു.

റമദാൻ തുടക്കത്തിൽ പ്രഖ്യാപിച്ച കാമ്പയിനിലേക്ക്​ സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്ന്​ സംഭാവനകൾ പ്രവഹിക്കുകയാണ്​. കഴിഞ്ഞ ദിവസം ആഗാഖാൻ ഫൗണ്ടേഷൻ 10കോടി, ഗേറ്റ്​സ്​ ഫൗണ്ടേഷൻ 5കോടി, എഡൽഗിവ്​ ഫൗണ്ടേഷൻ 5കോടി, ടാറ്റ ട്രസ്റ്റ്​സ്​ ഫൗണ്ടേഷൻ 2കോടി തുടങ്ങിയ സംഭാവനകൾ ലഭിച്ചു. ശനിയാഴ്ച രാത്രി മാത്രമായി 100കോടി ദിർഹം സമാഹരിച്ചതോടെ നിലവിൽ 150കോടി ദിർഹമിലധികം ആകെ സമാഹരിച്ചതായാണ്​ കണക്കാക്കുന്നത്​. സംരംഭത്തിലൂടെ 50ലക്ഷം കുട്ടികൾക്ക്​ സഹായമെത്തിക്കാനാണ്​ ലക്ഷ്യമിടുന്നത്​. മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്‍റെ കീഴിൽ ലോകത്തെ മുൻനിര കൂട്ടായ്മകളുമായി സഹകരിച്ചാണ്​ കാമ്പയിൻ നടപ്പിലാക്കുന്നത്​. ചിൽഡ്രൻസ്​ ഇൻവെസ്​റ്റ്​മെന്‍റ്​ ഫണ്ട്​ ഫൗണ്ടേഷൻ, സേവ്​ ദ ചിൽഡ്രൻ, യൂനിസെഫ്​, ആ​ക്ഷൻ എഗെയ്​ൻസ്റ്റ്​ ഹംഗർ എന്നിവയുമായി പദ്ധതിയിൽ സഹകരിക്കുന്നുണ്ട്​.

എമിറേറ്റ്സ് ഇസ്​ലാമിക് ബാങ്ക് അക്കൗണ്ട്​(IBAN: AE940340003708472909222) വഴിയും 1034, 1035, 1036, 1038 നമ്പറുകളിൽ ‘LIFE’ എന്ന് സന്ദേശം അയച്ച് 10ദിർഹം, 50ദിർഹം, 100ദിർഹം, 500ദിർഹം വരെയും സംഭാവന നൽകാം. ദുബൈനൗ ആപ്പ് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും സംഭാവന നൽകാനുള്ള അവസരമുണ്ട്​.

Tags:    
News Summary - ‘Edge of Life’ campaign; Number plate auction raises Rs 9.14 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.