മഴ മാറിയിട്ടും വെള്ളക്കെട്ട് നിലനിൽക്കുന്ന കൽബയിലെ റോഡ്. ഇൻസെറ്റിൽ സബാഹ് സലാം
ഷാർജ: 'അങ്ങനെ ജീവിതത്തിലെ ആദ്യത്തെ പ്രളയാനുഭവം!! ഒന്നുണർന്നെണീറ്റപ്പോൾ മുട്ടോളമെ വെള്ളം ഉണ്ടായിരുന്നുള്ളൂ. പാസ്പോർട്ട് തുടങ്ങി വിലപ്പെട്ട സാധനങ്ങൾ എല്ലാം ഉയരം കൂടിയ സ്ഥലങ്ങളിൽ വെച്ചു. കെടുതികളെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല. അരക്കൊപ്പം വെള്ളമായതിനാൽ ഞങ്ങൾ സോഫയുടെ ചാരിയിൽ കയറിയിരിക്കുന്നു. ആരെയും പഴിക്കുന്നില്ല. ജീവിതയാത്രയിൽ ഇനി എന്തെല്ലാം കാണാൻകിടക്കുന്നു.'ഷാർജ കൽബയിലെ പ്രളയത്തിന്റെ നേർക്കാഴ്ചകൾ അനുഭവിച്ച പ്രവാസി മലയാളി സബാഹ് സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്. രണ്ടു പതിറ്റാണ്ടിലധികം നീണ്ട തന്റെ പ്രവാസജീവിതത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത അനുഭവങ്ങളിലൂടെയാണ് സബാഹും കുടുംബവും കഴിഞ്ഞ ദിനങ്ങളിൽ കടന്നുപോയത്.
ബുധനാഴ്ച രാത്രി പതിനൊന്നു വരെ കൽബയിൽ സാധാരണ പെയ്യാറുള്ള മഴയും വെള്ളക്കെട്ടും മാത്രമായിരുന്നെങ്കിൽ, പിന്നീടങ്ങോട്ട് കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. മലനിരകളുടെയും കടലിന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന പട്ടണങ്ങളായ കൽബയും ഫുജൈറയും ചുറ്റുമുള്ള കുന്നുകളിൽ നിന്നും കുതിച്ചെത്തുന്ന വെള്ളപ്പാച്ചിലിനാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. മലനിരകളിൽ പെയ്ത ശക്തമായ മഴ കടലിലേക്ക് ഒഴുകിപ്പോകുന്നതിനേക്കാൾ അളവിൽ വെള്ളം ഒലിച്ചിറങ്ങിയപ്പോൾ നഗരം അക്ഷരാർഥത്തിൽ വെള്ളത്തിനടിയിലായി. ഗതാഗതവും വൈദ്യുതിയും ഫോൺ സംവിധാനങ്ങളും താറുമാറായതോടെ ജനങ്ങൾ വീടുകളിലും തൊഴിലിടങ്ങളിലും കുടുങ്ങി.
ഉണർന്നുപ്രവർത്തിച്ച സർക്കാർ സംവിധാനങ്ങൾ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും ഭക്ഷണവും ആവശ്യസാധനകളും വിതരണം ചെയ്യാനും അഹോരാത്രം പരിശ്രമിച്ചതായി സബാഹ് സാക്ഷ്യപ്പെടുത്തുന്നു. ഉയർന്ന സ്ഥലങ്ങളിലെ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും താൽക്കാലിക ക്യാമ്പായി മാറ്റി. മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ഓൺലൈനിൽ സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഫോർ വീൽ കാറുകൾ പോലും അനക്കാൻ പറ്റാത്ത അവസ്ഥയിൽ ട്രക്കുകളിലും സൈന്യത്തിന്റെ കൂറ്റൻ വണ്ടികളിലുമാണ് ആളുകളെ ക്യാമ്പുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റാൻ സംവിധാനമൊരുക്കിയത്. മിക്ക ഉദ്യോഗസ്ഥരും 24 മണിക്കൂറിലധികം സേവനരംഗത്തുണ്ടായിട്ടുപോലും ഊർജസ്വലത ഒട്ടും കുറയാതെയാണ് കൃത്യനിർവഹണം തുടർന്നത്.
ധനികരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ ഒരേ ട്രക്കിൽ കയറി, ഒരേ ക്യാമ്പിൽ ഒന്നിച്ചു ചെലവിട്ടു. കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ്, കെ.എം.സി.സി തുടങ്ങിയ സംഘടനകൾ ഭക്ഷണവും മറ്റു സഹായങ്ങളും ക്യാമ്പുകളിൽ എത്തിച്ചു. ക്യാമ്പിലേക്ക് പോകുന്നതിനുമുമ്പ് തന്റെ വീടിന്റെയും പരിസരങ്ങളുടെയും വിവരങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ സബാഹ് സുഹൃത്തുക്കൾക്കായി പങ്കുവെച്ചിരുന്നു. വിവരങ്ങൾ ചോദിച്ചും സഹായങ്ങൾ വാഗ്ദാനം ചെയ്തും നിരവധി പേർ ബന്ധപ്പെട്ടതായും പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാവരും കൂടെയുണ്ടെന്ന ഇത്തരം ഓർമപ്പെടുത്തലുകളുമാണ് പ്രതികൂല സാഹചര്യത്തിലും പിടിച്ചുനിൽക്കാനുള്ള ആർജവം തരുന്നതെന്നും ഫാർമസി ബിസിനസ് നടത്തുന്ന സബാഹ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.