അബൂദബി: സിവിൽ ഇടപാടുകൾ സംബന്ധിച്ച പുതിയ നിയമത്തിൽ പ്രായപൂർത്തിയാകാനുള്ള പ്രായം 21 ചാന്ദ്ര (ഹിജ്റ) വർഷത്തിൽനിന്ന് 18 ഗ്രിഗോറിയൻ (ഇംഗ്ലീഷ്) വർഷമായി കുറച്ചു. രാജ്യത്ത് സിവിൽ ഇടപാടുകൾ നിയന്ത്രിക്കുന്ന രീതി മാറ്റിക്കൊണ്ട് സമഗ്രവും സംയോജിതവുമായ ഒരു നിയമ ചട്ടക്കൂട് സ്ഥാപിക്കുകയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. സാമ്പത്തിക കാര്യങ്ങളിൽ രക്ഷാകർതൃത്വത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായവും നിയമത്തിൽ ഭേദഗതി ചെയ്തിട്ടുണ്ട്. 18 വയസ്സ് പ്രായമുള്ള വ്യക്തികൾക്ക് അവരുടെ ആസ്തികൾ കൈകാര്യം ചെയ്യാൻ അനുവാദമുണ്ടായിരിക്കും.
അതോടൊപ്പം 15 വയസ്സ് പ്രായമുള്ളവർക്ക് അവരുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അനുമതിക്ക് അപേക്ഷിക്കാനും അവസരമുണ്ടാകും. യുവാക്കളെ ശാക്തീകരിക്കുന്നതിനും സംരംഭകത്വത്തെ പിന്തുണക്കുന്നതിനും നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ മാറ്റങ്ങൾ. രാജ്യത്തിന്റെ സിവിൽ നിയമ ചട്ടക്കൂടിനെ സമകാലിക സാമ്പത്തിക സാമൂഹിക യാഥാർഥ്യങ്ങളുമായി യോജിപ്പിച്ചുകൊണ്ട്, നഷ്ടപരിഹാരം, കരാറുകൾ, ഇൻഷുറൻസ്, വിൽപ്പന, പ്രൊഫഷനൽ പ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന കൂടുതൽ വ്യക്തമായ നിയമങ്ങൾ നിയമം അവതരിപ്പിക്കുന്നുണ്ട്.
മരണമോ പരിക്കോ മൂലമുണ്ടാകുന്ന ധാർമ്മികമോ ഭൗതികമോ ആയ നാശനഷ്ടങ്ങൾക്ക് പൂർണമായ പരിരക്ഷ ഉറപ്പാക്കിക്കൊണ്ട്, ദിയാധനം അധിക നഷ്ടപരിഹാരവുമായോ ‘അർഷു’മായോ സംയോജിപ്പിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയും മാറ്റങ്ങളിൽ ഉൾപ്പെടും. അത്തരം കേസുകളിൽ കോടതികൾക്ക് മുമ്പാകെ ഉയർന്നുവന്ന നിയമപരമായ അവ്യക്തതകളും നിയമം പരിഹരിക്കുന്നുണ്ട്. ലാഭേച്ഛയില്ലാത്ത കമ്പനികൾക്ക് ഒരു പുതിയ നിയമ ചട്ടക്കൂട് സ്ഥാപിക്കുന്നുമുണ്ട് പുതിയ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.