അക്കാഫ് സ്പോർടെക്സിൽ ജേതാക്കളായവർ
ദുബൈ: അക്കാഫ് അസോസിയേഷൻ സംഘടിപ്പിച്ച അക്കാഫ് സ്പോർടെക്സ് ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ നടന്നു. നൂറുകണക്കിന് കായികതാരങ്ങൾ വിവിധ കോളജ് അലുമ്നികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. രാവിലെ നടന്ന മാർച്ച് പാസ്റ്റോടെയായിരുന്നു കായിക മേളയുടെ തുടക്കം.
മുൻ നെതർലൻഡ്സ് അംബാസഡറും ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.
പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെംബർമാരായ ഗിരീഷ് മേനോൻ, വിൻസന്റ് വലിയവീട്ടിൽ, സി.എൽ. മുനീർ, അക്കാഫ് സ്പോർട്സ് ക്ലബ് കൺവീനർ കെ.എ. രമേഷ്, കോഓഡിനേറ്റർ സി.പി.കെ. മുഹമ്മദ്, ജനറൽ കൺവീനർ ജയഹരി ഗോപൻ, ജോയന്റ് ജനറൽ കൺവീനർമാരായ കെ.എസ്. ശരൺ, ഫെബിന അമീർ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾ, ടീം ഗെയിമുകൾ, വിനോദ മത്സരങ്ങൾ എന്നിവയിൽ നൂറിലേറെ കോളജ് അലുമ്നി അംഗങ്ങളാണ് പങ്കെടുത്തത്. കബഡിയിൽ തൃശൂർ ചിന്മയമിഷൻ കോളജ് അലുമ്നി, വോളിബാളിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജ് അലുമ്നി, വടംവലി പുരുഷ-വനിതാ മത്സരത്തിൽ എം.ഇ.എസ് കോളജ് (മെസ്പ) പൊന്നാനി എന്നിവർ ചാമ്പ്യന്മാരായി.
കൊച്ചിൻ യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കുട്ടനാട് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് കുറ്റിപ്പുറം, തളിപ്പറമ്പ് സർ സയ്യിദ് കോളജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.