ദുബൈ: എണ്ണയിതര മേഖലകളിലും മറ്റ് പ്രധാന വ്യവസായ മേഖലകളിലും പ്രതിഫലിച്ച ശക്തമായ വളർച്ചയുടെ പിന്തുണയിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 1.4 ലക്ഷം കോടി ദിർഹമിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസത്തിനിടെയാണ് സമ്പദ്വ്യവസ്ഥയിൽ വൻ വളർച്ച രേഖപ്പെടുത്തിയത്.
ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കാലയളവിൽ ജി.ഡി.പിയിൽ 5.1 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ആഗോള സാഹചര്യങ്ങൾ മാറിമറിയുമ്പോഴും യു.എ.ഇയുടെ സുസ്ഥിരമായ സാമ്പത്തിക മുന്നേറ്റമാണ് ഇത് പ്രതിഫലിക്കുന്നത്. എണ്ണയിതര മേഖലകളിലെ പ്രവർത്തനങ്ങളാണ് വളർച്ച മുന്നേറ്റത്തെ നയിക്കുന്ന പ്രാഥമിക ഘടകം. എണ്ണയിതര മേഖല 6.1 ശതമാനം വളർച്ച കൈവരിച്ച് ഒരു ലക്ഷം കോടി ദിർഹമിലെത്തിയിരിക്കുകയാണ്.
സാമ്പത്തിക
, ഇൻഷൂറൻസ് പ്രവർത്തനങ്ങൾ ഇക്കാലയളവിൽ ഒമ്പത് ശതമാനം വളർച്ച കൈവരിച്ചപ്പോൾ നിർമാണ മേഖലയിൽ 8.7 ശതമാനത്തിന്റെയും ഉൽപാദന മേഖല 6.9 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. എണ്ണയിതര മേഖലയിലെ വളർച്ചയിൽ വലിയ സംഭാവന നൽകിയത് മൊത്ത, ചെറുകിട വ്യാപര മേഖലയാണ്. 16.1 ശതമാനമാണ് ഈ മേഖലയിലെ സംഭാവന. ഉൽപാദന മേഖല 13.9 ശതമാനവും സാമ്പത്തിക സേവന മേഖല 13.5 ശതമാനവും നിർമാണ മേഖല 11.9 ശതമാനവും സംഭാവന നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക വൈവിധ്യവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള ദീർഘകാല നയങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ നേട്ടമെന്ന് യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. 10 വർഷത്തിനുള്ളിൽ ജി.ഡി.പി ഇരട്ടിയാക്കി മൂന്നു ലക്ഷം കോടി ദിർഹമിലെത്തിക്കുകയെന്നതാണ് ‘യു.എ.ഇ 2031’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതെന്നും അതിനായുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.