ഇഫ്താർ കിറ്റുകൾ ഒരുക്കുന്ന ആർ.ടി.എ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും
റമദാൻ കാമ്പയിന് തുടക്കമിട്ട് ആർ.ടി.എ; 8000 ഇഫ്താർ കിറ്റുകളും 500 നോൾ കാർഡുകളും
ദുബൈ: സാമൂഹിക ഐക്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് റമദാനിൽ സന്നദ്ധ സംരംഭത്തിന് തുടക്കമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പദ്ധതിയുടെ ഭാഗമായി റമദാനിൽ 8000 ഭക്ഷ്യ കിറ്റുകളും 500 നോൾ കാർഡുകളുടെയും വിതരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മീൽസ് ഓൺ വീൽസ് എന്ന പേരിൽ ആർ.ടി.എ ആസ്ഥാനത്തും ഖുർആനിക് പാർക്കിലുമുള്ള തൊഴിലാളികൾക്കുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ‘നമ്മൾ ഉൾപ്പെട്ട ഇടമാണ് കുടുംബം’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ജീവകാരുണ്യ സംരംഭം ആരംഭിച്ചിരിക്കുന്നത്. ദരിദ്ര കുടുംബങ്ങൾ, അനാഥർ, മെട്രോ യാത്രക്കാർ, ടാക്സി ഡ്രൈവർമാർ, ഡെലിവറി റൈഡർമാർ, എമിറേറ്റിലുടനീളമുള്ള ബസ് ഡ്രൈവർമാർ എന്നിവരെയാണ് പുതിയ സംരംഭം പ്രധാനമായും ലക്ഷ്യമിടുന്നത്.
കിയോലിസ് എം.എച്ച്.ഐ, ദമാക് പ്രോപർട്ടീസ്, നൂൺ, ബൈത്തുൽ ഖൈർ സൊസൈറ്റി, അൽ അഹ്ലിയാ ചാരിറ്റി സ്കൂൾസ്, ദാറൽ ഹയ ജൻസ് ടെയ് ലറിങ് തുടങ്ങിയ സ്ഥാപനങ്ങളുമായി കൈകോർത്താണ് പുതിയ സംരംഭം നടപ്പിലാക്കുന്നതെന്ന് ആർ.ടി.എ വൃത്തങ്ങൾ അറിയിച്ചു. ആർ.ടി.എ ജീവനക്കാരും വളന്റിയർമാരും സംരംഭത്തിൽ സജീവമായി പങ്കാളികളാകും. അതോറിറ്റിയുടെ സാമൂഹിക ഉത്തരവാദിത്തം, സാംസ്കാരികമായ സന്നദ്ധ സേവനം എന്നിവ ശക്തിപ്പെടുത്തുന്നതാണ് പുതിയ സംരംഭം. കിയോലിസ് എം.എച്ച്.ഐ, ദമാക് പ്രോപർട്ടീസ്, നൂൺ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മെട്രോ സ്റ്റേഷനുകളിൽ ഇഫ്താർ കിറ്റുകൾ വിതരണംചെയ്യുന്നത്.
അതേസമയം, സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ച് റമദാൻ റേഷൻ സംരംഭത്തിന്റെ ഭാഗമായി യോഗ്യരായ കുടുംബങ്ങൾക്ക് 500 നോൾ കാർഡുകളും ആർ.ടി.എ വിതരണം ചെയ്യും. ചില കുടുംബങ്ങൾക്ക് ആർ.ടി.എ നേരിട്ട് വീടുകളിൽ കാർഡുകൾ എത്തിച്ചു നൽകും. മറ്റുള്ളവർക്ക് കോഓപറേറ്റിവ് സൊസൈറ്റികൾ വഴിയായിരിക്കും വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.