പ്ര​വാ​സ​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

ഷാ​ർ​ജ: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്തോ-അറബ്​ വാണിജ്യ, സാംസ്കാരിക ബന്ധത്തിന്​ കുതിപ്പും കരുത്തും പകരാൻ 'ഗൾഫ്​ മാധ്യമം' ഒരുക്കുന്ന 'കമോൺ കേരള' മഹാമേളയുടെ നാലാം അധ്യായത്തിന് യു.എ.ഇയുടെ സാംസ്കാരിക തലസ്​ഥാനമായ​ ഷാർജയിൽ​ വെള്ളിയാഴ്ച തുടക്കം. യു.എ.ഇയുടെ 50ാം പിറന്നാളും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികവും ആഘോഷിക്കുന്ന സുവർണ വർഷത്തിൽ നടക്കുന്ന മഹാമേള

വെള്ളിയാഴ്ച വൈകീട്ട് നാലിന്​ ഷാർജ ചേംബർ ഓഫ്​ കോമേഴ്​സ്​ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ മാജിദ്​ ബിൻ ഫൈസൽ ബിൻ ഖാലിദ്​ അൽ ഖാസിമി ഉദ്​ഘാടനം ചെയ്യും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്​പോ സെന്‍ററിലാണ്​ പ്രവാസത്തിന്‍റെ ആഘോഷം അരങ്ങേറുന്നത്​. മഹാമാരി തീർത്ത ചെറിയ ഇടവേളക്കുശേഷം വീണ്ടുമെത്തുമ്പോൾ സന്ദർശകരെ കാത്ത്​ ഒട്ടേറെ പുതുമകളാണ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​.

ഷാർജ ചേംബർ ഓഫ്​ കോമേഴ്സ്​ ആൻഡ്​ ഇൻഡസ്​ട്രീസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ​മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരളയുടെ ഉദ്​ഘാടന ചടങ്ങിൽ വരുംദിവസങ്ങളിൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം കമൽഹാസൻ, മലയാളികളുടെ പ്രിയനടി മഞ്ജു വാര്യർ തുടങ്ങിയവർ വേദിയിലെത്തും. അതിമനോഹര സാംസ്​കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും മൂന്നു സായാഹ്നങ്ങളും. വാണിജ്യ, വിദ്യാഭ്യാസ, സാമ്പത്തിക, വിനോദ മേഖലകളിൽ പുത്തൻ അറിവും ആനന്ദവും പകരുന്ന ബിസിനസ്​ കോൺക്ലേവ്​, ബോസസ്​ ഡേ ഔട്ട്​, പ്രോപർട്ടി ഷോ, ഇന്തോ-അറബ്​ വിമൻ എക്സലൻസ്​ അവാർഡ്​, ടേസ്റ്റി ഇന്ത്യ, ഓപർച്യൂനിറ്റി സോൺ, ഡ്രീം ഡെസ്റ്റിനേഷൻ, നോളജ്​ സോൺ തുടങ്ങിയവ ഈ സീസണിന്‍റെ അഴക്​ വർധിപ്പിക്കും. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ അനന്തസാധ്യതകളിലേക്ക്​ വിരൽചൂണ്ടുന്നതായിരിക്കും നാലാം എഡിഷൻ.

Tags:    
News Summary - That celebration of exile begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.