ടാക്സി ഡ്രൈവർ ജെഫ്രി എസ്ര അമോസിനെ ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ ലെഫ്. കേണൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ, ടൂറിസ്റ്റ് ഹാപ്പിനസ് സെക്ഷൻ മേധാവി ക്യാപ്റ്റൻ
അഹമ്മദ് മുഹമ്മദ് അൽ മുഹൈരി എന്നിവരുടെ സാന്നിധ്യത്തിൽ ആദരിച്ചപ്പോൾ
ദുബൈ: വിനോദസഞ്ചാരിക്ക് അദ്ദേഹത്തിന്‍റെ യാത്രാ വിമാനം പുറപ്പെടുന്നതിന്‍റെ തൊട്ടുമുമ്പ് 10,000 ദിർഹം തിരികെ നൽകിയ ടാക്സി ഡ്രൈവറെ ദുബൈ ടൂറിസ്റ്റ് പൊലീസ് ആദരിച്ചു. വിനോദസഞ്ചാരിയുടെ ഫ്ലൈറ്റ് നഷ്ടപ്പെടുന്നതിന് മുമ്പുതന്നെ പണം തിരികെ എത്തിച്ച ടാക്സി ഡ്രൈവർ ജെഫ്രി എസ്ര അമോസിന്‍റെ സത്യസന്ധതയെയും അർപ്പണബോധത്തെയും ടൂറിസ്റ്റ് പൊലീസ് ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ ലെഫ്. കേണൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ, ടൂറിസ്റ്റ് ഹാപ്പിനസ് സെക്ഷൻ മേധാവി ക്യാപ്റ്റൻ അഹമ്മദ് മുഹമ്മദ് അൽ മുഹൈരി എന്നിവരുടെ സാന്നിധ്യത്തിലാണ് ആദരിച്ചത്. സമയത്തിന് വിമാനത്താവളത്തിൽ എത്താൻ ധിറുതി കൂട്ടുന്നതിനിടയിൽ വിനോദസഞ്ചാരി പണവും വ്യക്തിഗത സാധനങ്ങളും അടങ്ങിയ ചെറിയ ബാഗ് ടാക്സിയിൽ മറന്നുവെക്കുകയായിരുന്നു. സാധനങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ ഉടൻ തന്നെ, വിമാനം പുറപ്പെടുന്നതിന് മുമ്പ് ഇവ തിരികെ ലഭിക്കുന്നതിനായി അദ്ദേഹം ടൂറിസ്റ്റ് പോലീസ് ഡിപാർട്ട്‌മെന്‍റിന്‍റെ സഹായം തേടി.
ഉടൻ തന്നെ രംഗത്തിറങ്ങിയ ടൂറിസ്റ്റ് പൊലീസ് ഡ്രൈവറെ തിരിച്ചറിയുകയും അദ്ദേഹവുമായി ബന്ധപ്പെടുകയും ചെയ്തു. ബാഗ് തന്‍റെ വാഹനത്തിലുണ്ടെന്ന് സ്ഥിരീകരിച്ച ഡ്രൈവർ സമയം കളയാതെ വിമാനത്താവളത്തിൽ തിരിച്ചെത്തി പണം പൊലീസിന് കൈമാറി. തുടർന്ന് ടൂറിസ്റ്റ് പൊലീസ് ഈ തുക വിനോദസഞ്ചാരിക്ക് കൈമാറി. ദുബൈയിലെ ഉയർന്ന സുരക്ഷിതത്വത്തെയും ജനങ്ങളുടെ സത്യസന്ധതയെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.