സണ്‍റീഫ് യോട്ടിന്‍റെ പുതിയ നിര്‍മാണശാലയുടെ മാതൃക

റാസല്‍ഖൈമയില്‍ സണ്‍റീഫ് യോട്ടിന്‍റെ പുതിയ നിര്‍മാണശാല

റാസല്‍ഖൈമ: ആഢംബര കപ്പലുകളും വിവിധ ആവശ്യങ്ങള്‍ക്കായുള്ള ബോട്ടുകളും രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന സണ്‍റീഫ് യോട്ടിന്‍റെ 65,000 ചതുരശ്ര വിസ്തൃതി വരുന്ന പുതിയ നിര്‍മാണ യൂനിറ്റ് റാസല്‍ഖൈമയില്‍ തുടങ്ങുന്നു. റാക് മാരിടൈം സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. സണ്‍റീഫിന്‍റെയും റാക് മാരിടൈമിന്‍റെയും സാങ്കേതിക-വിഭവങ്ങള്‍ പരസ്പരം പ്രയോജനപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ നവീകരണ കേന്ദ്രമായി പുതിയ സംരംഭം മാറുമെന്ന് ധാരണാപത്രത്തില്‍ ഒപ്പുവെച്ച് അധികൃതര്‍ വ്യക്തമാക്കി.

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയായിരിക്കും നിര്‍മാണശാലയുടെ പ്രവര്‍ത്തനം. പ്രവര്‍ത്തനസജ്ജമാകുന്നതോടെ നിരവധി പുതിയ തൊഴിലവസരങ്ങളും തുറക്കും. സുസ്ഥിര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന റാസല്‍ഖൈമ വിവിധ മേഖലകളില്‍ അതിന്‍റെ ശേഷി വര്‍ധിപ്പിക്കുകയാണെന്ന് സണ്‍റീഫ് യോട്ട്സ് സംരംഭത്തെക്കുറിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. വിഭവങ്ങളില്‍ വൈവിധ്യം പുലര്‍ത്തുന്നയിടമാണ് റാസല്‍ഖൈമ. സാമ്പത്തിക വ്യവസ്ഥ വികസിപ്പിക്കുന്നതിന് തന്ത്രപരമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിലൂടെ കൂടുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ റാസല്‍ഖൈമയിലേക്ക് ആകര്‍ഷിക്കാൻ ശ്രമം തുടരുമെന്നും ശൈഖ് സഊദ് പറഞ്ഞു.

അത്യാധുനിക മെഷിനറികള്‍, റോബോട്ടിക്സ് ഉള്‍പ്പെടുന്ന നവീന പെയ്ന്‍റ് ഷോപ്പ്, വുഡ്-സ്റ്റീല്‍,-അപ്പ്ഹോള്‍സ്റ്ററി വര്‍ക്ഷോപ്പുകള്‍ തുടങ്ങിയവ നിര്‍മാണശാലയിലിടം പിടിക്കും. ഹൈബ്രിഡ് 55 ഓപ്പണ്‍ സണ്‍റീഫ് പവറും 50-70 ഫീറ്റ് പവര്‍ സെയില്‍ യാച്ചുകളാണ് പുതിയ നിര്‍മാണശാലയില്‍ ആദ്യം നിര്‍മിക്കുകയെന്ന് സണ്‍റീഫ് യാച്ച്സ് സ്ഥാപകനും പ്രസിഡന്‍റുമായ ഫ്രാന്‍സിസ് ലാപ്പ് പറഞ്ഞു.

ആഗോളവിപുലീകരണ തന്ത്രത്തിന്‍റെ പ്രധാന ഭാഗമാണ് റാക് മാരിടൈം സിറ്റിയുമായുള്ള സഹകരണം. മിഡില്‍ ഈസ്റ്റില്‍ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഏഷ്യന്‍, ആസ്ത്രേലിയന്‍ വിപണികളുമായുള്ള ബന്ധം ശക്തമാക്കാനും സഹായിക്കും. പോളണ്ടിലെ രണ്ട് നിര്‍മാണ ശാലകളും റാസല്‍ഖൈമയിലെ സൗകര്യവും സണ്‍റീഫിന്‍റെ കീര്‍ത്തി ഉയര്‍ത്തുമെന്നും ഫ്രാന്‍സിസ് ലാപ്പ് പറഞ്ഞു.

Tags:    
News Summary - Sunreef Yachts to open a new manufacturing unit in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.