കാൽപന്തിന്‍റെ ആഗോള പോരാട്ടം ഉജ്വലമായി നടത്തിക്കാണിച്ച ഗൾഫിലേക്ക് ഫിഫയുടെ മറ്റൊരു ലോകകപ്പ് കൂടിയെത്തുന്നു. ഇത്തവണ ബീച്ച് സോക്കർ ലോകകപ്പിനാണ് മരുഭൂമിയിലെ മണൽതീരങ്ങൾ ആതിഥ്യം വഹിക്കുന്നത്. നവംബർ 16 മുതൽ 26 വരെയാണ് ടൂർണമെന്‍റ്. ഗ്രൂപ്പ് നറുക്കെടുപ്പ് ജൂണിൽ നടത്തും. ഇതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ഖത്തറിൽ നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് ദുബൈയെ വേദിയായി നിശ്ചയിച്ചത്. 2025ലെ സോക്കർ ലോകകപ്പ് സീഷൽസിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആദ്യമായല്ല ദുബൈയിൽ ബീച്ച് സോക്കർ ലോകകപ്പ് നടക്കുന്നത്. 2009ൽ ദുബൈ ആതിഥ്യം വഹിച്ചിരുന്നു. ഇത് വൻ വിജയമാകുകയും ചെയ്തു. ടൂർണമെന്‍റിന്‍റെ 12ാം എഡിഷനായിരിക്കും ദുബൈയിൽ നടക്കുക. ദുബൈ സ്പോർട്സ് ഹബ്ബാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഫിഫയുടെ തീരുമാനം. ക്രിക്കറ്റ് ലോകകപ്പും ക്ലബ്ബ് ലോകകപ്പുമെല്ലാം മുൻപ് യു.എ.ഇയിൽ നടന്നിരുന്നു.
കഴിഞ്ഞ സോക്കർ ലോകകപ്പ് 2021ലാണ് നടന്നത്. ലോകത്തെമ്പാടുമുള്ള 63 ദശലക്ഷം പേർ ഈ ടൂർണമെന്‍റ് കണ്ടിരുന്നു. ഓരോ മത്സരത്തിനും ശരാശരി 2.2 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു. കഴിഞ്ഞ ടൂർണമെന്‍റിൽ ഓരോ മത്സരത്തിലും ശരാശരി 9.4 ഗോളുകൾ വീതം പിറന്നിരുന്നു. ഫിഫയുടെ ബീച്ച് സോക്കർ ടൂർണമെന്‍റിലെ ഏറ്റവും വലിയ ഗോൾ ശരാശരിയാണ് കണ്ടത്. 2023, 25 ലോകകപ്പുകളിൽ ഇതിനേക്കാളേറെ കാഴ്ചക്കാരുണ്ടാവുമെന്നാണ് പ്രതീക്ഷ.
എത്ര ടീം പങ്കെടുക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്ന് യോഗ്യത നേടിയ ഫിഫയുടെ അംഗീകാരമുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. അഞ്ച് തവണ കപ്പെടുത്ത ബ്രസീലാണ് മുമ്പൻമാർ. മൂന്ന് തവണ റഷ്യയും രണ്ട് തവണ പോർച്ചുഗലും കിരീടം നേടി. ആദ്യ ലോകകപ്പ് ജയിച്ച ഫ്രാൻസിന് പിന്നീട് കിരീടത്തിൽ എത്താൻ പറ്റിയില്ല. റഷ്യയാണ് നിലവിലെ ചാമ്പ്യൻമാർ. 2021ൽ മോസ്കോയിൽ നടന്ന ടൂർണമെന്‍റിന്‍റെ കലാശപ്പോരിൽ ജപ്പാനെ 5-2ന് തോൽപിച്ചാണ് റഷ്യ കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.