ദുബൈ: പ്രവാസി വോട്ടർ പട്ടികയിലെ (എസ്.ഐ.ആർ.) രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കണമെന്നും വിദേശത്ത് ജനിച്ചവരുടെ വോട്ടവകാശം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്) ലോക കേരള സഭയിൽ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയന് ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സമർപ്പിച്ച നിവേദനത്തിലും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകളിലുമായി പ്രവാസികളുടെ എട്ടു പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്.
പ്രവാസി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള ഫോം ആറ് എയിൽ വിദേശത്ത് ജനിച്ച കുട്ടികളുടെ ജനനസ്ഥലം രേഖപ്പെടുത്തുന്നതിൽ മുമ്പ് അപേക്ഷിച്ചവർക്ക് ഉണ്ടായ സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുക, വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് ശിപാർശ നൽകുക, ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സിംഗിൾ വിൻഡോ ഇ- ഫെസിലിറ്റേഷൻ സെന്ററിന് അന്തിമ അനുമതി നൽകുക.
നോർക്ക, കെ-സ്മാർട്ട്, കെ.എസ്.എഫ്.ഇ, ആധാർ, പാൻ കാർഡ് സേവനങ്ങളും പൊലീസ് എൻ.ആർ.ഐ സെൽ സഹായവും ലഭ്യമാക്കുക, വിവിധ കാരണങ്ങളാൽ ക്ഷേമനിധി അംശാദായം മുടങ്ങിയവർക്കായി ‘ഒറ്റത്തവണ തീർപ്പാക്കൽ’ (ഒ.ടി.എസ്) പദ്ധതി നടപ്പിലാക്കുക, അഞ്ച് വർഷമെങ്കിലും അംശാദായം അടച്ചവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ പിഴയില്ലാതെ കുടിശ്ശിക അടക്കാൻ അവസരം നൽകുക, നിലവിലെ പെൻഷന് പുറമെ, പ്രവാസികൾക്ക് വിദേശത്തായിരിക്കുമ്പോൾ തന്നെ സ്വമേധയാ കൂടുതൽ തുക നിക്ഷേപിക്കാനും അതിലൂടെ ഉയർന്ന പെൻഷൻ നേടാനും സാധിക്കുന്ന വിധത്തിൽ പദ്ധതി പരിഷ്കരിക്കുക, നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതി ഗൾഫ് റിട്ടേണികൾക്കും താൽക്കാലികമായി നാട്ടിലിരിക്കുന്നതും വിദേശത്ത് വീണ്ടും ജോലി തേടുന്നതുമായ പ്രവാസികൾക്കും വ്യാപിപ്പിക്കുക, സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട, കാലഹരണപ്പെട്ട കസ്റ്റംസ് നിയമങ്ങൾ, ഇന്നത്തെ സ്വർണവിലക്ക് അനുസൃതമായി പരിഷ്കരിക്കാനും പ്രവാസികളുടെ ‘ടാക്സ് റസിഡൻസി’ സ്റ്റാറ്റസ് 120 ദിവസത്തിൽ നിന്ന് 180 ദിവസമായി പുനഃസ്ഥാപിക്കാനും കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുക തുടങ്ങിയവയാണിത്. വിഷയത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എ.എസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.