ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ രണ്ടാം ഘട്ട നിരോധനത്തിന് മുന്നോടിയായി ഹോട്ട്പാക്ക് ഉൾപ്പെടെ പാക്കേജിങ് നിർമാതാക്കൾ ഉൽപാദന രീതികളിലും വിതരണ ശൃംഖലകളിലും മാറ്റം വരുത്തുന്നു. ജനുവരി ഒന്നുമുതൽ യു.എ.ഇയിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകളുടെ രണ്ടാംഘട്ട നിരോധനം പ്രാബല്യത്തിൽ വരും.
പ്ലാസ്റ്റിക് നിർമിത വെള്ളക്കപ്പുകൾ, അടപ്പുകൾ, കട്ട്ലറി, പ്ലേറ്റുകൾ, സ്ട്രോകൾ, സ്റ്റൈറോഫോം ഉപയോഗിച്ച് നിർമിച്ച ഭക്ഷ്യപാത്രങ്ങൾ എന്നിവക്കാണ് രണ്ടാംഘട്ടത്തിൽ യു.എ.ഇ പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
പേപ്പർ നിർമിത ഉത്പന്നങ്ങൾ ഉൾപ്പെടെ 50 മൈക്രോണിൽ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകൾക്കും പൂർണ നിരോധനം ഏർപ്പെടുത്തും. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് ഇളവുണ്ട്. ആഭ്യന്തര പുനരുപയോഗ മേഖലയെയും പ്രാദേശിക നിർമാണശേഷിയെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, റസ്റ്റാറന്റകൾ, ഫുഡ് ചെയിനുകൾ, ഗ്രോസറി ഷോപ്പുകൾ, കഫെറ്റീരിയകൾ തുടങ്ങിയ വിവിധ മേഖലകളിലെ റീട്ടയിൽ കേന്ദ്രങ്ങൾ പുതിയ സമയപരിധി മുന്നിൽക്കണ്ട് തയാറെടുക്കുകയാണെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ജബ്ബാർ പി.ബി. പറഞ്ഞു.ചട്ടങ്ങൾ പാലിക്കുന്ന പാക്കേജിങ് ഉൽപ്പന്നങ്ങൾ മുൻകൂട്ടി ലേബൽ ചെയ്ത് സർട്ടിഫൈ ചെയ്യുന്നതും ആരംഭിച്ചിട്ടുണ്ട്.
നിലവിൽ, പുരുപയോഗ വസ്തുക്കൾ അടങ്ങിയ പാക്കേജിങ്ങിനും പരിസ്ഥിതി സൗഹൃദ ബദൽ വസ്തുക്കൾക്കും വിപണിയിൽ സമാനമായ ആവശ്യകതയാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോസ്പിറ്റാലിറ്റി, ഫുഡ് സർവിസ് മേഖലകൾക്കായി പുനരുപയോഗിക്കാവുന്നതും കഴുകി വീണ്ടും ഉപയോഗിക്കാവുന്നതുമായ പാക്കേജിങ് സംവിധാനങ്ങളും വികസിപ്പിച്ചിട്ടുണ്ടെന്ന് അൻവർ പി.ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.